എടക്കര-വഴിക്കടവില്‍ എ.ടി.എം കൗണ്ടറിലും മറ്റൊരു ധനകാര്യശാഖയിലും മോഷണ ശ്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. തിരുവാലി പത്തിരിയാല്‍ പൂന്തോട്ടം നന്ദനം വീട്ടില്‍ അമലിനെയാണ് (27) വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് വഴിക്കടവ് പഞ്ചായത്തങ്ങാടിയിലുള്ള നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കിന്റെ ശാഖയുടെ എ.ടി.എം കൗണ്ടര്‍ തകര്‍പ്പെട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് മലപ്പുറം പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന് രൂപം നല്‍കി. നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ. ഏബ്രഹാം, വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ എന്നിവരുള്‍പ്പെട്ട സംഘം പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞും വഴിക്കടവ് അങ്ങാടിയിലെ അമ്പതില്‍പരം സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
പ്രതി ചെറിയ മഴു ഉപയോഗിച്ചാണ് എ.ടി.എം മെഷീന്‍ വെട്ടി പൊളിച്ചെതെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. ഇയാള്‍ വഴിക്കടവില്‍ എത്താനുണ്ടായ സാഹചര്യത്തെ സംബന്ധിച്ചും പോലീസ് അന്വേഷിച്ചു. ഇതിന്റെ ഭാഗമായി വഴിക്കടവ് വഴി സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകളിലും അന്വേഷണം നടത്തി. മലപ്പുറം -ഊട്ടി സര്‍വീസ് നടത്തുന്ന ബസില്‍ ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചതോടെ തമിഴ്നാട്ടിലെത്തിയ പോലീസ്, ഗൂഢല്ലൂര്‍ പോലീസിന്റെ സഹായത്തോടെ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള സിസിടിവികളും പരിശോധിച്ചു. തുടര്‍ന്നു ഗൂഢല്ലൂരില്‍ എത്തിയതായി മനസിലായതോടെ വിവിധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍ പിടിയിലായത്.
പ്രതിയെ ചോദ്യം ചെയ്തതില്‍ ആദ്യമായാണ് മോഷണത്തിന് ഇറങ്ങുന്നതെന്നു പോലീസിനോട് പറഞ്ഞു. അധിക പണം കൈയിലെത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ കൃത്യം നടത്തിയതെന്നു ഇയാള്‍ കുറ്റസമ്മതം നടത്തി. പിന്നീടുള്ള അന്വേഷണത്തില്‍ വഴിക്കടവിലെ ധനകാര്യ സ്ഥാപനത്തില്‍ മോഷണ ശ്രമം നടത്തിയതായി കണ്ടെത്തി. ഇവിടെ ആക്സോ ബ്ലേഡ് കൊണ്ടു പൂട്ടു പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായതിനെത്തുടര്‍ന്നാണ് എ.ടി.എം കൗണ്ടര്‍ തെരഞ്ഞെടുത്തത്. ബാങ്കിലെ സി.സി. ടി.വി പരിശോധിച്ചതില്‍ നിന്നു അമല്‍ തന്നെയാണ് പ്രതിയെന്ന് പോലീസിന് വ്യക്തമായി. തെളിവെടുപ്പിന് ശേഷം പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ എസ്.ഐ കെ. അബൂബക്കര്‍, എ.എസ്.ഐ അനില്‍കുമാര്‍, പോലീസുകാരായ അനുമാത്യു, കെ. നിജേഷ്, രതീഷ്, അഭിലാഷ്, ആസിഫ്, ഇ.ജി. പ്രദീപ്, വിനീഷ് മാന്തൊടി, പി. വിനു, പി.വി. നിഖില്‍, കൂടാതെ ഗൂഢല്ലൂര്‍ പോലീസ് സംഘത്തിലെ എസ്.എസ്.ഐ ഇബ്രാഹിം, സി.പി.ഒമാരായ പ്രഭാകരന്‍, അംബലാഗന്‍, ഷെഫീഖ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ
സൗദിയിലെ നജ്‌റാന്‍ ജയിലില്‍ 29 ഇന്ത്യക്കാര്‍; ചാരായ വാറ്റില്‍ തമിഴ്‌നാട് സ്വദേശികളും മലയാളിയും