ആലപ്പുഴ- ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാര്‍ എന്നിവരെയാണ് അര്‍ത്തുങ്കലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കുത്തിയത്തോട് സ്വദേശി ബിജുവിന്റേയും ദീപയുടേയും മകനായ ഒന്നര വയസുകാരനാണ് ക്രൂര മര്‍ദനമേറ്റത്. മര്‍ദനത്തില്‍ കൈ ഒടിയുകയും ദേഹമാസകലം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കുട്ടിയെ ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ കൈക്കുഴയ്ക്ക് പൊട്ടലുണ്ട്, മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്റേയും കാല്‍പാദത്തില്‍ പൊള്ളലേറ്റതിന്റേയും പാടുകളുണ്ട്.
രണ്ടു മാസമായി ബിജുവുമായി അകന്നു കഴിഞ്ഞിരുന്നന്ന ദീപ കുഞ്ഞിനോടൊപ്പം കൃഷ്ണകുമാറിനൊപ്പമാണ് താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ ദീപയും കൃഷ്ണകുമാറും കുത്തിയതോട് ബിജു താമസിക്കുന്ന വീട്ടില്‍ എത്തിക്കുകയും വീട്ടിനു മുമ്പിലിരുത്തി പോവുകയുമായിരുന്നത്രെ. ആ സമയത്ത് ബിജു ജോലി സ്ഥലത്തായിരുന്നു.
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ബിജുവാണ് കുട്ടിയുടെ ദേഹത്തു പരുക്കുകള്‍ കണ്ടത്. തുടര്‍ന്ന് ആദ്യം തുറവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കുത്തിയതോട് പോലീസ് കേസെടുത്തത്.
ദീപയും കൃഷ്ണകുമാറും താമസിച്ച തിരുവിഴയില്‍ ദീപയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കുത്തിയതോട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്ന് വില്‍പ്പന, അടിപിടി ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണ് തിരുവിഴ സ്വദേശി കൃഷ്ണകുമാര്‍.