ന്യൂഡൽഹി / തിരുവനന്തപുരം - കേരളത്തിൽ 24 മണിക്കൂറിനിടെ 140 കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. ഇതോടെ കേരളത്തിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1869 ആയി.
രാജ്യത്തെ കോവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ ആഴ്ച 29 മരണങ്ങളുണ്ടായി. എന്നാൽ, കേരളത്തിൽ രോഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ വകഭേദമായ ജെ.എൻ വൺ പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കോവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായപ്പോൾ കേരളത്തിലായിരുന്നു രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും ഉണ്ടായിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 841 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ ഏഴുമാസത്തിനിടെയിലെ ഏറ്റവും ഉയർന്ന കണക്കാണ്.
രാജ്യത്ത് ഇന്നലെ കോവിഡിനെ തുടർന്ന് മൂന്ന് മരണം റിപോർട്ട് ചെയ്തപ്പോൾ ഇതിൽ രണ്ടും കേരളത്തിലാണ്. ഒന്ന് തമിഴ്‌നാട്ടിലും.
കേരളത്തിൽ നിലവിൽ 1869 ആക്ടീവ് കേസുകളുണ്ടെങ്കിലും സംസ്ഥാനത്തെ പ്രതിവാര കേസുകളിൽ കാര്യമായ കുറവുണ്ട്. മുമ്പത്തെ ആഴ്ചയേക്കാൾ 24 ശതമാനം കുറവുണ്ടായെന്നാണ് കണക്ക്. അതേസമയം കർണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകൾ ഉയരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഒമിക്രോൺ, ജെ.എൻ വൺ വകഭേദങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിലെല്ലാം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലടക്കം പരിശോധന തുടരുന്നതായി അധികൃതർ വ്യക്തമാക്കി.