(തൊടുപുഴ) ഇടുക്കി - വെള്ളിയാമറ്റത്ത് കുട്ടിക്കർഷകരായ സഹോദരങ്ങൾ വളർത്തുന്ന പശുക്കൾ കൂട്ടത്തോടെ ചത്തു. 20 പശുക്കളിൽ 13 പശുക്കളാണ് ചത്തത്. അഞ്ചു പശുക്കളുടെ നില ഗുരുതരമായി തുടരുകയാണ്. പതിനഞ്ചും പതിനേഴും വയസുള്ള മാത്യുവിന്റേയും ജോർജിന്റേയും ഉടമസ്ഥതയിലുള്ള പശുക്കളാണ് ഇവ. മൂന്നുവർഷം മുമ്പ് അച്ഛൻ ബെന്നി മരിച്ചതോടെയാണ് പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ പശുവളർത്തലിലൂടെ അമ്മയ്ക്കും കുടുംബത്തിനും തണൽ വിരിച്ചത്.
പശു ചത്ത വിവരം അറിഞ്ഞതോടെ മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മറ്റു പശുക്കൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. കപ്പത്തൊണ്ട് കഴിച്ചതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ പശുക്കൾ ചത്തതിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.
ഇന്നലെ രാത്രി പത്തോടെയാണ് സംഭവമുണ്ടായത്. എട്ടുമണിക്ക് കുട്ടിക്കർഷരുടെ അമ്മ പശുക്കൾക്ക് തീറ്റ കൊടുത്തിരുന്നു. തുടർന്ന് പശുക്കൾ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
2021-ൽ മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയാണ് മാത്യു. 2020 ഒക്ടോബറിലാണ് ഇവരുടെ പിതാവ് മരിച്ചത്. തുടർന്ന് പിതാവ് പരിപാലിച്ച പശുക്കളുടെ ഉത്തരവാദിത്തം മക്കൾ ഏറ്റെടുക്കുകയായിരുന്നു. കുടുംബത്തിന്റെ ഉപജീവന മാർഗമാണ് ഇതിലൂടെ സഹോദരങ്ങൾ നിറവേറ്റുന്നത്.