കൊച്ചി - ബിഷപ്പുമാരെ മോശമായ രീതിയില്‍ പരാമര്‍ശിച്ചതിനെതിരെ മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് കെ സി ബി സി വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണമെന്നും സജി ചെറിയാന്റേത് മോശമായ വാക്കുകളാണെന്നും ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി. പറഞ്ഞു. പ്രധാനമന്ത്രി ക്ഷണിച്ച പരിപാടിയിലാണ് ബിഷപ്പുമാര്‍ പങ്കെടുത്തതെന്നും അതില്‍ രാഷ്ട്രീയം കാണരുതെന്നും തന്റെ പ്രതികരണത്തില്‍ ഔചിത്യക്കുറവുണ്ടെന്ന് തോന്നിയാല്‍ മന്ത്രി തിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് സജി ചെറിയാന്‍ ക്രൈസ്തവ പുരോഹിതര്‍ക്കെതിരായി മോശം പരാമര്‍ശം ഉന്നയിച്ചത്്. ചില ബിഷപ്പുമാര്‍ക്ക് ബി ജെ പി നേതാക്കള്‍ വിളിച്ചാല്‍ പ്രത്യേക രോമാഞ്ചമാണെന്നും ബി ജെ പി നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം ബിഷപ്പുമാര്‍ മറന്നുവെന്നും സജി ചെറിയാന്റെ പ്രസ്താവിച്ചിരുന്നു. സി പി എം പുന്നപ്ര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫിസായ ആര്‍ മുരളീധരന്‍ നായര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.