Sorry, you need to enable JavaScript to visit this website.

' അമ്മയെ ഞാന്‍ കൊന്നു, നമുക്കെല്ലാവര്‍ക്കും മരിക്കാം' അച്ഛന്റെ ക്രൂരതയില്‍ ഞെട്ടി ആ പെണ്‍മക്കള്‍ സ്വയം മരിക്കാന്‍ ശ്രമിച്ചു, പക്ഷേ..

കൊച്ചി - പിറവം കക്കാട്ടില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും രണ്ട് പെണ്‍കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം ഭര്‍ത്താവ് തൂങ്ങിരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കക്കാട് നെടിയാനിക്കുഴി ഭാഗത്ത് തറമറ്റത്തില്‍ ബേബി വര്‍ഗീസ് (58) ആണ് ഞായറാഴ്ച പുലര്‍ച്ചെ ഭാര്യ സ്മിതാ ബേബിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇവര്‍ക്ക് നഴ്‌സിംഗിന് പഠിക്കുന്ന രണ്ട് പെണ്‍മക്കളാണുള്ളത്.  സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ബേബി വര്‍ഗീസ് വെട്ടുകത്തിയുമായി മക്കളായ ഫെബ സൂസന്‍ ബേബി (21) അന്ന സാറ ബേബി(18) എന്നിവരുടെ അടുത്തേക്ക് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മയെ ഞാന്‍ കൊന്നു, നമുക്കെല്ലാവര്‍ക്കും മരിക്കാം എന്ന് പറഞ്ഞ് മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെ വെട്ടു കത്തി വീശുകയായിരുന്നു. എന്നാല്‍ ഞെട്ടിയുണര്‍ന്ന മൂത്ത മകള്‍ ഫെബയും അനിയത്തി സാറയും കത്തി തട്ടിമാറ്റി അമ്മയുടെ മുറിയിലേക്ക് ഓടി. അവിടെവെച്ചും കുട്ടികളെ വെട്ടാന്‍ ശ്രമിച്ച ബേബി അവരുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. അപ്പോഴേക്കും കുട്ടികള്‍ പ്രാണരക്ഷാര്‍ത്ഥം വീടിന്റെ മുകള്‍ നിലയിലെ റുമിലേക്ക് ഓടിക്കയറി വാതിലടക്കുകയായിരുന്നു. അമ്മ കൊല്ലപ്പെട്ടതും അച്ഛന്‍ തങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നതും അറിഞ്ഞ് ഞെട്ടിയ കുട്ടികള്‍ സ്വയം മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രക്തം വാര്‍ന്ന് മരിക്കാനായി അന്ന കൈത്തണ്ടയില്‍ മുറിവുണ്ടാക്കി. പിന്നീട് രണ്ടു പേരും അമിത അളവില്‍ ഉറക്ക ഗുളിക കഴിക്കുകയായിരുന്നു. ഇവര്‍ ഉറങ്ങിപ്പോയതല്ലാലെ മരണം സംഭവിച്ചില്ല. രാവിലെ എട്ടുമണിയോടെ ഉണര്‍ന്ന കുട്ടികള്‍ അവശനിലയിലായിരുന്നു. തൊട്ടടുത്ത് വീട്ടിലേക്ക് ഫോണില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. അയല്‍ വീട്ടുകാര്‍ എത്തിയപ്പോഴാണ് സ്മിത കൊല്ലപ്പെട്ടതും ബേബി വര്‍ഗീസ് തുങ്ങി നില്‍ക്കുന്നതും കൂട്ടികള്‍ അവശ നിലയില്‍ കിടക്കുന്നതും കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും കുട്ടികള്‍ രണ്ടു പേരെയും  ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇവര്‍ അപകട നില തരണം ചെയ്യുകയും നടന്ന കാര്യങ്ങള്‍ പോലീസിനോട് വിശദീകരിക്കുകയും ചെയ്തു. ഡൈനിംഗ് ഹാളിന്റെ ഭിത്തിയില്‍ 'തന്നെ എല്ലാവരും ഒറ്റപ്പെടുത്തിയെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ നീതി നടപ്പാക്കുകയാണെന്നും'  ബേബി വര്‍ഗീസ് എഴുതി വെച്ചിട്ടുണ്ട്. മംഗലാപുരത്ത് നഴ്‌സിംഗിന് പഠിക്കുന്ന ഫെബയും അന്നയും ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയതാണ്.

 

Latest News