Sorry, you need to enable JavaScript to visit this website.

ബിജെപി നല്‍കിയ മുന്തിരി വാറ്റിയത് കഴിച്ചപ്പോള്‍  ബിഷപ്പുമാര്‍ മണിപ്പൂരിനെ മറന്നു-മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ- ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കള്‍ക്കും പ്രമുഖര്‍ക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നുവെന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു. ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവര്‍ക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. 2026 ലും എല്‍ഡിഎഫ് അധികാരത്തില്‍ വരും. കോണ്‍ഗ്രസ് എവിടെയാണുള്ളത്?. മുഖ്യമന്ത്രിയെ ചിലര്‍ ക്രിമിനലെന്ന് വിളിക്കുന്നു. ഒരു മണ്ഡലത്തില്‍ നിന്ന് ആറ് തവണ വിജയിച്ചയാളാണ് മുഖ്യമന്ത്രി. ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ച കൊണ്ടാണ് വന്‍ ഭൂരിപക്ഷതില്‍ വിജയിക്കുന്നത്. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ അടക്കം ശ്രമം നടത്തുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ ജയം നേടും മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത എല്ലാ തലത്തിലും പ്രാവര്‍ത്തികമാക്കുന്നു വന്നും സജി ചെറിയാന്‍ പറഞ്ഞു.

VIDEO മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പിന്നാലെ ധാരാളം പ്രവാസികള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില നല്‍കണ്ടി വരും


ക്രിസ്തുമസ് ദിനത്തില്‍ നരേന്ദ്ര മോഡി നല്‍കിയ വിരുന്നില്‍ പങ്കെടുത്തവര്‍ മണിപ്പൂര്‍ കലാപം ഉള്‍പ്പെടെയുള്ള വിഷയം ഉന്നയിച്ചിരുന്നില്ല. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വല്‍ഡ് ഗ്രേഷിയസ്, ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, സിറോ മലബാര്‍ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ചര്‍ച്ച ഓഫ് നോര്‍ത്ത് ഇന്ത്യ ഡയറക്ടര്‍ പോള്‍ സ്വരൂപ് വ്യവസായികളായ ജോയ് ആലുക്കാസ്, അലക്സാണ്ടര്‍ ജോര്‍ജ്, മാനുവല്‍, കായികതാരം അഞ്ജു ബോബി ജോര്‍ജ്, ബോളിവുഡ് നടന്‍ ദിനോ മോറിയ എന്നിവരുള്‍പ്പടെ 60 പേരാണ് വിരുന്നില്‍ അതിഥികളായി പങ്കെടുത്തത്. ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങില്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയിലോ, 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന എന്‍ഡിഎയുടെ ക്രിസ്തുമസ് സ്നേഹ സംഗമം പരിപാടിയില്‍ ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേരും അംഗത്വം എടുത്തിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഓര്‍ത്തഡോക്സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമിസടക്കമുള്ള പുരോഹിതന്മാരും പങ്കെടുത്തിരുന്നു.
അതിനിടെ, ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍നിന്ന് മുന്‍മന്ത്രി ജി. സുധാകരനെ ഒഴിവാക്കി. ആര്‍.മുരളീധരന്‍ നായര്‍ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. സുധാകരന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ ലോക്കല്‍ കമ്മിറ്റി ഓഫിസാണിത്.

Latest News