തിരുവനന്തപുരം- കേരളത്തിന്റെ പൊതുഗതാഗത സംസ്‌ക്കാരത്തില്‍ വലിയ മാറ്റത്തിനുള്ള പദ്ധതി അവതരിപ്പിച്ച് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പൊതു ഗതാഗതം കൊണ്ടുവരാനാവുന്ന തരത്തിലുള്ള പദ്ധതിയാണ് ഗണേഷ് കുമാര്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്നും കൂടുതല്‍ പഠിച്ച് അവതരിപ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചതായും ഗണേഷ് കുമാര്‍ പറഞ്ഞു.
ഗ്രാമീണ റോഡുകളും ഇടവഴികളും ഉള്‍പ്പെടെ ചേര്‍ത്തുവെച്ചുള്ള പൊതുഗതാഗത സംവിധാനാണ് ഗണേഷ് കുമാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ തന്നെ ഇതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായും എന്നാല്‍ അവ നടപ്പാക്കുന്നതിന് മുമ്പ് മന്ത്രിസ്ഥാനത്തു നിന്നും പോയതായും അദ്ദേഹം പറഞ്ഞു. അന്ന് മറ്റുള്ളവര്‍ ചവറ്റു കൂനയിലേക്ക് എറിഞ്ഞതാണ് താന്‍ വീണ്ടും എടുത്ത് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത്- ജില്ലാ പഞ്ചായത്ത്- ത്രിതല പഞ്ചായത്തിലെ ചെറിയ റോഡുകള്‍ വരെ ഉള്‍പ്പെടുത്തുക്കൊണ്ട് ജനകീയമായി കേരളത്തില്‍ പൊതുഗതാഗത സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ മറ്റെവിടെയും കാണാത്ത തരത്തില്‍ പരിഷ്‌കാരം കൊണ്ടുവരുമെന്നും കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
താന്‍ നല്‍കിയ പ്രപോസല്‍ മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംസ്‌കാരത്തിന് തുടക്കം കുറിക്കാന്‍ നമുക്കു കഴിയുമെന്നും നമ്മള്‍ ചിന്തിക്കാത്ത തരത്തിലുള്ള ജനകീയ പരിഷ്‌കാരമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
കെ. എസ്. ആര്‍. ടി. സിയെ ലാഭത്തിലാക്കാന്‍ സാധിച്ചില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പറഞ്ഞിരുന്നു.
വായിക്കുക