പത്തനംതിട്ട - വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചുവെന്ന് സംശയം തോന്നി പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട അടൂരിലാണ് സംഭവം. കണ്ണങ്കോട് ചരിഞ്ഞ വിളയില്‍ ഷെരീഫ് ആണ് മരിച്ചത്. മരിയ ഹോസ്പിറ്റലിന് സമീപം എസ്.ഐ എം. മനീഷിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുമ്പോള്‍ അതു വഴി സ്‌കൂട്ടറില്‍ വന്നതാണ് ഷെരീഫ്. പരിശോധനയ്ക്കായി വാഹനം കൈകാണിച്ച് നിര്‍ത്തിയപ്പോള്‍ ഇയാള്‍ മദ്യപിച്ചുവെന്ന് സംശയം തോന്നുകയും പോലീസ് ജീപ്പില്‍ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടു വരികയുമായിരുന്നു. സ്റ്റേഷനിലേക്ക് കയറുന്നതിന് മുന്‍പ് കുഴഞ്ഞു വീണു. ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.