പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാമത്തെ സ്വര്‍ണം സമ്മാനിച്ചു. കര്‍ഷകന്റെ മകനായ സൗരഭ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ലോക, ഒളിംപിക് ചാമ്പ്യന്മാരുടെ താരനിരയെ തോല്‍പിച്ചാണ് സ്വര്‍ണം വീഴ്ത്തിയത്. യോഗ്യതാ റൗണ്ട് മുതല്‍ സൗരഭ് മുന്നിലായിരുന്നു. സീനിയര്‍ തലത്തില്‍ ആദ്യമായി മത്സരിക്കുന്നതിന്റെ അങ്കലാപ്പൊന്നുമില്ലാത്ത ആധികാരിക പ്രകടനമായിരുന്നു പതിനാറുകാരന്റേത്. അവസാനത്തേതിനു മുന്നിലെ ഷോട്ടില്‍ സൗരഭ് 2010 ലെ ലോക ചാമ്പ്യന്‍ തോമോയുകി മറ്റ്‌സുദയെ മറികടന്നു. ഇരുപത്തൊമ്പതാം വയസ്സില്‍ ഏഷ്യാഡില്‍ അരങ്ങേറുന്ന ഇന്ത്യയുടെ അഭിഷേക് വര്‍മക്കാണ് വെങ്കലം.
മീററ്റിലെ കലീന ഗ്രാമത്തില്‍ കര്‍ഷക കുടുംബത്തിലാണ് സൗരഭ് ജനിച്ചത്. അത്യുജ്വലമായിരുന്നു ഫൈനലില്‍ സൗരഭിന്റെ അവസാന രണ്ടു ഷോട്ടുകള്‍. ഏതാനും മാസം മുമ്പ് ജര്‍മനിയിലെ ലോകകപ്പില്‍ ലോക റെക്കോര്‍ഡ് തകര്‍ത്തിരുന്നു ഈ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി. ഭാഗ്പത്തിലെ അമിത് ഷ്യോറാന്‍ അക്കാദമിയില്‍ ഷൂട്ടിംഗ് അഭ്യസിക്കുന്ന സൗരഭ് വീട്ടിലുള്ളപ്പോള്‍ പിതാവിനെ കാര്‍ഷിക വ്യവസായത്തില്‍ സഹായിക്കാറുണ്ട്.