തിരുവനന്തപുരം - താൻ പാർട്ടി വിട്ടുവെന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. 'അദ്ദേഹം പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് തന്നെ ശരിയായി മനസ്സിലാക്കാൻ പറ്റുന്നില്ല. അതുകൊണ്ടാണ് പലപ്പോഴും അദ്ദേഹത്തിന് തിരുത്തേണ്ടി വരുന്നത്. ഈ കാര്യവും അദ്ദേഹത്തിന് തിരുത്തേണ്ടി വരുമെന്ന് ഉറപ്പുണ്ടെന്നും കെ.പി.സി.സി യോഗത്തിൽ താൻ പറഞ്ഞ കാര്യത്തിന് ആ യോഗത്തിൽ മറുപടി നൽകാതെ പത്രസമ്മേളനത്തിൽ പ്രതികരിച്ച സുധാകരന്റെ നടപടി ഔചിത്യക്കുറവാണെന്നും വി.എം സുധീരൻ വ്യക്തമാക്കി.
ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന കെ.പി.സി.സി യോഗത്തിൽ നയപരമായ പാളിച്ചകൾ അടക്കം ചൂണ്ടിക്കാട്ടി വി.എം സുധീരൻ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശം നടത്തിയിരുന്നു. രണ്ട് ഗ്രൂപ്പായിരുന്ന പാർട്ടിയിപ്പോൾ അഞ്ചു ഗ്രൂപ്പാണെന്നടക്കമുള്ള വിമർശങ്ങളും സുധീരൻ ഉന്നയിക്കുകയുണ്ടായി.
ഇക്കാര്യം യോഗശേഷം മാധ്യമപ്രവർത്തകർ കെ.പി.സി.സി പ്രസിഡന്റിനോട് ചോദിച്ചപ്പോൾ 'പാർട്ടി വിട്ട ആൾ, ഏറെ നാളിനുശേഷം കയറി വന്നു...' എന്ന നിലയിൽ വി.എം സുധീരനെ പരിഹസിക്കുന്ന നിലയിലായിരുന്നു സുധാകരന്റെ മറുപടി.
അദ്ദേഹത്തിന്റെ വീട്ടിൽ പോയി സംസാരിക്കാൻ ശ്രമിച്ചപ്പോൾ പാർട്ടി വിട്ടു എന്നാണ് സുധീരൻ പറഞ്ഞതെന്നു പറഞ്ഞ കെ സുധാകരൻ പിന്നീട് ആദ്യം പറഞ്ഞത് നിമിഷവേഗത്തിൽ തിരുത്തുകയുമുണ്ടായി. 'സുധീരൻ പാർട്ടി വിട്ടു എന്നല്ല, ഇനി സഹകരിക്കാൻ ഇല്ലെന്നാണ് പറഞ്ഞതെന്നായിരുന്നു' തിരുത്ത്. പിന്നാലെ, 'സുധീരൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞ ശേഷം പോയി. അദ്ദേഹത്തിന്റെ അഭിപ്രായം പ്രതികരിക്കാൻ മാത്രം വില കൽപ്പിക്കുന്നില്ലെന്നും' സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് സുധാകരന്റേത് ഔചിത്യമില്ലായ്മയാണെന്ന് സുധീരൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടിയാലോചനകളിലൂടെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിരുന്നെങ്കിൽ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്നും സുധീരൻ ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞിട്ടും ഗ്രൂപ്പുകൾ തമ്മിൽ പോരടിച്ചില്ലായിരുന്നെങ്കിൽ വലിയ വിജയത്തിലേക്ക് കോൺഗ്രസ് നീങ്ങുമായിരുന്നു. എന്നാൽ അതില്ലാല്ലാതാക്കിയത് ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരം, സ്ഥാനാർത്ഥി നിർണയത്തിൽ മെറിറ്റ് നോക്കാതെ, ജയസാധ്യത പരിഗണിക്കാതെ, ജനസ്വീകാര്യത മനസ്സിലാക്കാതെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതു മൂലമാണ്. അതിൽ താൻ വളരെ ദുഃഖിതനായിരുന്നു. അതിലൊരു മാറ്റം സുധാകരനിലൂടെയും സതീശനിലൂടെയും ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ അവർ ചുമതലയേറ്റ ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ സ്ഥാനങ്ങൾ നിശ്ചയിക്കുമ്പോൾ ഇന്ന ഗ്രൂപ്പിന് ഇന്ന ജില്ല എന്നു ചാർത്തിക്കൊടുക്കാതെ, ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികളിലേക്ക് പേരുകൾ വരുമ്പോൾ അവർ ആ സ്ഥാനത്തിന് അനുയോജ്യരാണോ അല്ലയോ എന്ന് കൂട്ടായി ചർച്ച ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ ആ രീതിയിലല്ല കാര്യങ്ങൾ പോയതെന്നും സുധീരൻ വ്യക്തമാക്കി.
ആദ്യത്തെ ആലോചനായോഗത്തിൽ തന്നെ മുൻ പി.സി.സി പ്രസിഡന്റുമാരെ ഒഴിവാക്കി. അതിൽ കെ മുരളീധരൻ മാത്രമാണ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചത്. പിന്നീട് ഡൽഹിയിൽ ഏകപക്ഷീയമായി യാതൊരു ചർച്ചയുമില്ലാതെ ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതാണ് കണ്ടത്. താൻ ഇതിന്റെ ഭാഗമല്ല എന്നു മനസ്സിലാക്കിയതോടെയാണ് ഫെയ്‌സ്ബുക്കിൽ വിയോജനക്കുറിപ്പ് ഇട്ടത്.
ഇതിനു പിന്നാലെയാണ് കെ സുധാകരൻ തന്നെ കാണാൻ വന്നത്. നിങ്ങളുടെ രീതി ശരിയല്ലെന്നും, ഇത് മുമ്പത്തേക്കാൾ മോശമായ തലത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുക. ആ അവസ്ഥ വരരുത്. അതിനാൽ കൂട്ടായ ആലോചനകളും ചർച്ചകളും വേണം. മെറിറ്റിന്റെ അടിസ്ഥാനത്തിലാവണം ഓരോ സ്ഥാനങ്ങളിലേക്കുമുള്ള ആളുകളെ നിയോഗിക്കാനെന്നും സുധാകരനോട് പറഞ്ഞു. എന്നാൽ, ആ തരത്തിലുള്ള ചർച്ചകളൊന്നുമില്ലാതെ ഏകപക്ഷീയമായ പ്രഖ്യാപനം ഉണ്ടാകുകയായിരുന്നു. മുമ്പ് രണ്ടു ഗ്രൂപ്പുകളുടെ താൽപര്യം സംരക്ഷിച്ചാൽ മതിയായിരുന്നെങ്കിൽ, ഇപ്പോഴത് അഞ്ചു ഗ്രൂപ്പുകളുടെ താൽപര്യം സംരക്ഷിക്കേണ്ട സ്ഥിതിയാണ്. അതുകൊണ്ട് ഹൈക്കമാൻഡ് ഇടപെടണമെന്നാവശ്യപ്പെട്ട് താൻ കത്തയച്ചു. എന്നാൽ, ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്നാണ് രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവെച്ചത്. തുടർന്ന് എ.ഐ.സി.സി അംഗത്വവും രാജിവെച്ചു. ശേഷം എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ കാണാനെത്തുകയും പ്രശ്‌നങ്ങളിൽ പരിഹാരം ഉണ്ടാക്കുമെന്ന് പറയുകയും ചെയ്തു. രാഹുൽ ഗാന്ധിയും വിളിച്ചു പരിഹാരം കാണുമെന്ന് പറഞ്ഞെങ്കിലും, നിർഭാഗ്യവശാൽ യാതൊരു നടപടിയുമുണ്ടായില്ല. എ.ഐ.സി.സിയോ കെ.പി.സി.സി നേതാക്കളോ താനുന്നയിച്ച പരാതികൾക്ക് പരിഹാരം ഉണ്ടാക്കാനോ, അത്തരം നടപടികൾ സംഘടനയ്ക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്നില്ല എന്നു കണ്ടതോടെയാണ് കെ.പി.സി.സി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞത്. അതല്ലാതെ പാർട്ടി വിട്ടുവെന്നല്ല.
ഒപ്പം ഒട്ടുമിക്ക ഡി.സി.സി പരിപാടികളിലും കോൺഗ്രസ് പരിപാടികളിലും താൻ പങ്കെടുക്കാറുണ്ടുതാനും. അങ്ങനെയുള്ള താൻ പാർട്ടി വിട്ടുവെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. അദ്ദേഹം പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് തന്നെ ശരിയായി മനസ്സിലാക്കാൻ പറ്റുന്നില്ല. ഈ കാര്യവും അദ്ദേഹത്തിന് തിരുത്തേണ്ടി വരുമെന്ന് ഉറപ്പുണ്ടെന്നും ബന്ധപ്പെട്ട പാർട്ടിയുടെ ഉത്തരവാദപ്പെട്ട ബോഡിയിൽ ഞാൻ ഉന്നയിച്ച വിമർശങ്ങൾക്ക് അവിടെ മറുപടി പറയാതെ വാർത്താസമ്മേളനത്തിൽ പരസ്യമായി പ്രതികരിച്ചത് സുധാകരന്റെ ഔചിത്യക്കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.