Sorry, you need to enable JavaScript to visit this website.

'ഫലസ്തീനിലല്ല, ഗുരുദർശനം അദ്ദേഹം പിറവികൊണ്ട മണ്ണിലെങ്കിലും നടക്കണ്ടേ?' മുഖ്യമന്ത്രിക്ക് ശിവഗിരി മഠത്തിൽ തന്നെ മറുപടി

വർക്കല - ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഫലസ്തീനിൽ എത്തിയിരുന്നെങ്കിൽ അവിടെ ചോരപ്പുഴ ഒഴുകില്ലായിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് ശിവഗിരി മഠത്തിൽ തന്നെ മറുപടി നൽകി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗുരുദർശനം ഫലസ്തീനിലല്ല, ഗുരു പിറവിയെടുത്ത കേരളത്തിലെങ്കിലും പ്രാവർത്തികമാക്കാൻ കഴിയുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഓർമിപ്പിച്ചു.
 നവകേരള സദസ്സിനും പിണറായി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെയുള്ള ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള സി.പി.എം പ്രവർത്തകരുടെയും പോലീസ് രാജിന്റെയും പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമർശം.
 ചെടിച്ചട്ടി കൊണ്ട് മറ്റൊരു മനുഷ്യന്റെ തല അടിച്ചുപൊട്ടിക്കുന്നതിനെ 'രക്ഷാപ്രവർത്തനം' എന്നാണ് മുഖ്യമന്ത്രി വിളിച്ചത്. നാണമില്ലേ നമ്മുടെ നാട്ടിലിരുന്ന് ഇതിനെയെല്ലാം ന്യായീകരിക്കാൻ. സഹജീവികളോട് അനുകമ്പയുള്ളവർക്ക് നിരായുധരായ മനുഷ്യരെ വളഞ്ഞിട്ട് തല്ലുന്നവരെ അഭിനന്ദിക്കാനാവില്ല. 'ഒരു പീഡയെറുമ്പിനും വരുത്തരുത്' എന്ന് ഗുരു പഠിപ്പിച്ച മണ്ണാണിത്. സഹജീവിയോട് കരുണയും സ്‌നേഹവും കരുതലും ഉള്ളവർക്ക് അത്താഴപ്പട്ടിണി മാറ്റാൻ അരി ചോദിക്കുന്നവരെ അധിക്ഷേപിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 91-ാമത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കാവി വെറുക്കപ്പെടേണ്ട നിറമാണെന്ന് ഗുരു പറഞ്ഞതായി തന്റെ അറിവിലില്ല. കാവിയുടെ മഹത്വം മനസിലാകണമെങ്കിൽ മനസിലെ അന്ധത നീങ്ങണമെന്നും മുഖ്യമന്ത്രിയുടെ കാവി പരാമർശത്തിന് മറുപടിയെന്നോണം അദ്ദേഹം അഭിപ്രായപ്പെട്ടു. 
 സനാതന ധർമ പാരമ്പര്യത്തെ വക്രീകരിക്കാനുള്ള ബോധപൂർവ ശ്രമം ഏറ്റവുമധികം നടത്തിയിട്ടുള്ളത് നിരീശ്വരവാദം പിന്തുടരുന്നവരാണ്. പ്രാചീനവും പരിശുദ്ധവുമായ സനാതന പരമ്പരയെ അപമാനിക്കാൻ മാർക്‌സിസ്റ്റ് ചരിത്രകാരൻമാർ തലമുറകളായി പരിശ്രമിക്കുന്നുവെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. അയോദ്ധ്യയിലടക്കം അതാണു കണ്ടത്. ശ്രീനാരായണീയരുടെ വേദിയിലുടനീളം ചിലർ ഭാരതീയ തത്വചിന്തയെ അവഹേളിക്കാനും സനാതനധർമ പാരമ്പര്യത്തെ അപമാനിക്കാനുമുള്ള ശ്രമങ്ങൾ തുടരുന്നു. വിനായകാഷ്ടകം എഴുതിയ ശ്രീനാരായണഗുരുവിന് സനാതന ധർമവുമായി ഒരു ബന്ധവുമില്ലെന്നാണ് പറയുന്നത്. ഹിന്ദു മതത്തിലെ ദേവീദേവൻമാരെ പ്രകീർത്തിച്ച് മുപ്പതിലേറെ കീർത്തനങ്ങൾ എഴുതിയ വ്യക്തിയാണ് ശ്രീ നാരായണഗുരുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Latest News