തൃശ്ശൂര്‍ - വിധവാ പെന്‍ഷന്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് പിച്ചച്ചട്ടിയെടുത്ത് വൈറലായ മറിയിക്കുട്ടി ഇനി വേദിയിലെത്തുന്നത് പ്രധാനമന്ത്രിക്കൊപ്പം. കേരളത്തിലെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് ബി ജെ പി തൃശ്ശൂരില്‍ ജനുവരി 3 ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം മറിയക്കുട്ടി വേദിയിലെത്തും. പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ മികവ് തെളിയിച്ച വനിതകളാണ് വേദിയിലുണ്ടാകുക. അക്കൂട്ടത്തില്‍ മറിയക്കുട്ടിയുമുണ്ട്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോള്‍, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചു മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ബി ജെ പിക്കൊപ്പം നില്‍ക്കുന്ന കൈസ്തവപുരോഹിതര്‍ അടക്കമുള്ളവരെ അധിക്ഷേപിക്കാനാണ് സി പി എം ശ്രമം. മത പുരോഹിതന്‍മാര്‍ ഉള്‍പ്പെടെ ബി ജെ പിയില്‍ ചേരുന്നവര്‍ക്കെതിരായ നീക്കത്തെ നേരിടും. ഇരു മുന്നണികളുടേയും പതനം കേരളത്തില്‍ ആസന്നമായിരിക്കുന്നു.വര്‍ഗ്ഗീയ വോട്ട് ബാങ്ക് രാഷ്ടീയത്തിത്ത് കേരളത്തില്‍ ഇനി ആയുസ്സില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.