തിരുവനന്തപുരം-മുന്‍ധാരണ പ്രകാരം എല്‍ ഡി എഫ് സര്‍ക്കാരില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജി വെച്ചതോടെ രാഷ്ട്രീയ നിയമനത്തിലൂടെ എത്തിയ എല്ലാ പേഴ്സണല്‍ സ്റ്റാഫിനും ഇനി ആജീവനാന്ത പെന്‍ഷന്‍ കിട്ടും. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആണ് രണ്ടരവര്‍ഷത്തിന് ശേഷം രാജി വെച്ചത്. ഇതോടെ ഇവരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാരിന് വലിയ ബാധ്യതയാണ് വരാന്‍ പോകുന്നത്. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ച 37 പേര്‍ക്കും ഇനി ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും.
കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതുതായി അധികാരമേറ്റ മന്ത്രിമാര്‍. ഇവരുടെ സ്റ്റാഫില്‍ പുതുതായി എത്തുവരുടെ ബാധ്യതയും സര്‍ക്കാരിന് മേലാകും. 3450 രൂപ മുതല്‍ 6000 രൂപ വരെയാണ് പെന്‍ഷന്‍. ഇതിന് പുറമെ ഡിഎ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ആന്റണി രാജുവിന്റെ സ്റ്റാഫില്‍ 21 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരു അഡീഷണല്‍ സെക്രട്ടറിയും ഒരു ക്ലര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍നിലായിരുന്നു.
ബാക്കി 19 പേരുടേതും രാഷ്ട്രീയ നിയമനമായിരുന്നു. രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, നാല് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനല്‍ പി എ, ഒരു അസിസ്റ്റന്റ്, നാല് ക്ലര്‍ക്ക്, നാല് ഓഫീസ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവര്‍മാര്‍, ഒരു പാചകക്കാരന്‍ എന്നിവരായിരുന്നു സ്റ്റാഫ് അംഗങ്ങളായി ആന്റണി രാജുവിന് ഉണ്ടായിരുന്നത്. അതേസമയം അഹമ്മദ് ദേവര്‍കോവിലിന്റെ സ്റ്റാഫ് അംഗങ്ങളായി 25 പേര്‍ ഉണ്ടായിരുന്നു.
ഇതില്‍ ഏഴ് പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷവനും 18 പേരുടേത് രാഷ്ട്രീയ നിയമനവും ആയിരുന്നു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ രാഷ്ട്രീയ നിയമനമായിരുന്നു. നാല് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരില്‍ രണ്ട് പേരുടേത് രാഷ്ട്രീയ നിയമനമായിരുന്നു. ഒരു പിഎ, ഒരു അഡീഷനല്‍ പിഎയും, നാല് ക്ലര്‍ക്കുമാര്‍, അഞ്ച് പ്യൂണ്‍മാര്‍, രണ്ട് ഡ്രൈവര്‍മാര്‍ ഒരു പാചകക്കാരന്‍ എന്നിവരായിരുന്നു മറ്റ് നിയമനം. അതേസമയം മന്ത്രി ഓഫീസില്‍ നിന്നും പടിയിറങ്ങിയാലും 15 ദിവസത്തെ സര്‍ക്കാര്‍ ശമ്പളത്തിന് കൂടി പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. 2021 ലെ ഉത്തരവ് അനുസരിച്ച് രണ്ട് വര്‍ഷവും ഒരു ദിവസും വരെയുള്ള പേഴ്സണല്‍ സ്റ്റാഫ് സേവനത്തിന് പോലും മിനിമം പെന്‍ഷന് യോഗ്യതയുണ്ടായിരിക്കും. കുക്ക് മുതല്‍ അസി. പ്രൈവറ്റ് സെക്രട്ടറി വരെയുള്ളവര്‍ക്ക് 3450 രൂപ പെന്‍ഷന്‍ ലഭിക്കും.
അഡീഷണല്‍ സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയുടെ റാങ്കാണ്. രണ്ടര വര്‍ഷത്തെ സേവനത്തിന് ശേഷം 5500 രൂപ പെന്‍ഷന്‍ ലഭിക്കും. പ്രൈവറ്റ് സെക്രട്ടറിയുടേത് ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കാണ്, 6000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. ഇവര്‍ക്ക് എല്ലാവര്‍ക്ക് ഏഴ് ശതമാനം ഡി എയും ടെര്‍മിനല്‍ സറണ്ടറായി രണ്ടര മാസത്തെ മുഴുവന്‍ ശമ്പളം വേറെയും ലഭിക്കും. ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ കമ്മ്യൂട്ടേഷനും ഒപ്പം കിട്ടും. ശമ്പള പരിഷ്‌ക്കരണം വരുമ്പോള്‍ പിരിഞ്ഞുപോയവര്‍ക്കം പ്രസ്തുത ആനുകൂല്യം ഉറപ്പാണ്. കൂടുതല്‍ പേര്‍ക്ക് രാഷ്ട്രീയ നിയമനം നല്‍കി പരമാവധി പെന്‍ഷന്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. അതുകൊണ്ടു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ മാറ്റി പുതിയവരെ നിയമിക്കാനാണ് മറ്റു മന്ത്രിമാരുടെയും നീക്കം.