പത്തനംതിട്ട - ബിഷപ്പ് കെ.പി യോഹന്നാന്റെ നിയന്ത്രണത്തിലുള്ള തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ് (26) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹപാഠികൾ രംഗത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിരുവല്ല പോലീസ് പ്രതികരിച്ചു.