മക്ക- ഹജിനിടെ മക്കയിൽ അപകടമുണ്ടായെന്ന പ്രചാരണം മന്ത്രാലയം നിഷേധിച്ചു. ഞായറാഴ്ച്ച വൈകിട്ടുണ്ടായ കാറ്റിലും പൊടിക്കാറ്റിലും മക്കയിൽ നിരവധി പേർക്ക് അപായം സംഭവിച്ചുവെന്നായിരുന്നു പ്രചാരണം. ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിച്ച് നിരവധി പേർ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഹജിനിടെ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച്ച വൈകിട്ട് രണ്ട് ഏഷ്യൻ തീർഥാകർ മതിൽ വീണു മരിച്ചിരുന്നു. ഇതല്ലാതെ ഒരു അപകടവും ഈ വർഷത്തെ ഹജിനിടെ സംഭവിച്ചിട്ടില്ല. മക്കയിലെ ഹോട്ടലിന് തീപിടിച്ചുവെന്ന തരത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇതും ശരിയല്ലെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ, സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും മുൻനിർത്തി, കല്ലേറ് കർമം നിർവഹിക്കുന്നതിന് ജംറയിലേക്ക് പോകുന്നവരും കല്ലേറ് കർമം പൂർത്തിയാക്കി വിശുദ്ധ ഹറമിലേക്ക് പോകുന്നവരും ബാഗുകളും ലഗേജുകളും കൊണ്ടുപോകരുതെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യം ഉണർത്തി അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, ചൈനീസ്, പേർഷ്യൻ ഭാഷകളിൽ തീർഥാടകർക്ക് സന്ദേശങ്ങൾ അയച്ചു