മഹാത്മാഗാന്ധിയെ വധിച്ച 1948 ജനവരി 30, ബാബ്‌രി മസ്ജിദ് തകർത്ത 1992 ഡിസംബർ 6, കശ്മീരിന്റെ ഭരണഘടനാവകാശങ്ങൾ റദ്ദാക്കിയ 2019 ഓഗസ്റ്റ് 5, പൗരത്വ ഭേദഗതി നിയമം പാസാക്കിയ 2019 ഡിസംബർ 12 എന്നിങ്ങനെ ഇന്ത്യാചരിത്രത്തെ വികൃതമാക്കിയ ഒരുപാട് ദിനങ്ങളുണ്ട്. ആ നിരയിലേക്കാണ് 2024 ജനുവരി 22 ഉം എത്തുന്നത്.
അയോധ്യയിൽ നിർമിച്ചിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനാഘോഷങ്ങൾ അന്നാണല്ലോ നടക്കുന്നത്. ചരിത്രത്തിൽ ഇത് സുവർണദിനമായി ചേർക്കപ്പെടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ചരിത്രം പോലും തിരുത്തിയെഴുതുന്നവർക്ക് അതിനു കഴിയുമായിരിക്കാം. രാമക്ഷേത്രം നിർമിക്കുന്നത് രാമഭക്തിയുടെ പേരിലല്ല എന്ന് ആർക്കുമറിയാം. പിന്നാലെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പല്ലാതെ മറ്റെന്താണ് അതിന്റെ ലക്ഷ്യം? അതാകട്ടെ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ആർ.എസ്.എസ് രൂപീകരണത്തിന്റെ 100-ാം വാർഷികം ആസന്നമായ വേളയിൽ.
രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്, ദേശീയതയുടെ പ്രതീകമാണ്, ശ്രീരാമൻ ഐക്യത്തിന്റെ അടയാളമാണ് തുടങ്ങിയ അവകാശവാദങ്ങളോടെ നടക്കുന്ന ഈ ചടങ്ങ് ഹിന്ദുത്വ ദേശീയത വളർത്തിയെടുക്കാനുള്ള ഒരു രാഷ്ട്രീയ ഉപകരണം മാത്രം. പ്രതിഷ്ഠാ ദിനചടങ്ങുകളാകട്ടെ നടക്കുന്നത് തികച്ചും സർക്കാർ പരിപാടിയെന്ന നിലയിൽ. ഒരു മതേതരരാജ്യത്താണ്, ഒരു മതവിഭാഗത്തിന്റെ ആരാധനാലയം തകർത്ത് നിർമിക്കുന്ന മറ്റൊരു ആരാധനാലയം സർക്കാർ പരിപാടിയെന്ന നിലയിൽ ഭക്തർക്കു തുറന്നു കൊടുക്കുന്നത്.
വളരെ തന്ത്രപൂർവമാണ് കേന്ദ്ര സർക്കാരും ബി.ജെ.പിയും പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. അതിലേറ്റവും പ്രധാനം പ്രതിപക്ഷ പാർട്ടി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചിരിക്കുന്നു എന്നതാണ്. അതിലൂടെ പ്രതിപക്ഷപാർട്ടികളും നേതാക്കളും അക്ഷരാർത്ഥത്തിൽ കെണിയിൽ പെട്ടിരിക്കുകയാണ്.
കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ.. ഏറ്റവും പ്രതിസന്ധി സ്വാഭാവികമായും കോൺഗ്രസിനു തന്നെ. അയോധ്യയിലെ ക്ഷേത്രനിർമാണത്തിനു കാരണമായത് തങ്ങളുടെ നടപടികളായിരുന്നു എന്നു വാദിക്കുന്ന നേതാക്കൾ പോലുമുള്ള പാർട്ടിയാണല്ലോ കോൺഗ്രസ്.
മസ്ജിദ് പൊളിച്ചത് കോൺഗ്രസ് ഭരിക്കുമ്പോൾ.. കേരളത്തിലെ നേതാക്കൾ എളുപ്പത്തിൽ പറയുന്ന പോലെയല്ല ഉത്തരേന്ത്യയിലെ അവസ്ഥ. ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടുക. പങ്കെടുക്കാതിരുന്നാൽ ഹിന്ദുവിരുദ്ധ പാർട്ടിയായിട്ടായിരിക്കും ബി.ജെ.പി കോൺഗ്രസിനെ മുദ്രയടിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് തെരഞ്ഞെടുപ്പിൽ വലിയ ക്ഷീണമുണ്ടാക്കും. പങ്കെടുത്താൽ നഷ്ടപ്പെടുക ഇപ്പോഴും ഒരു പരിധിവരെ നിലനിൽക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളുടെ വിശ്വാസമായിരിക്കും. അതും പ്രതികൂലമായി ബാധിക്കാം. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാനാവുമെന്നുള്ള കൂലംകുഷമായ ചിന്തയിലാണ് കോൺഗ്രസ്് നേതാക്കൾ.
ക്ഷണം നിരാകരിക്കുന്ന സി.പി.എം തീരുമാനം കേരളത്തിൽ വ്യാപകമായി ആഘോഷിക്കപ്പെടുന്നുണ്ട്. കേരളത്തിൽ മാത്രം ശക്തിയുള്ള അവർതക്കതിനു കഴിയും. കേരളത്തിലെ കോൺഗ്രസിന്റേയും അഭിപ്രായം ഏറെക്കുറെ അതുതന്നെ. അപ്പോഴും വളരെ പ്രധാനപ്പെട്ട ഒന്നുണ്ട്. മസ്ജിദ് തകർത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല എന്നല്ല സി.പി.എം പോലും പറയുന്നത്. മറിച്ച് ചടങ്ങ് സർക്കാർ പരിപാടിയാക്കുന്നു എന്നാണ്. ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഏറെക്കുറെ സ്വാഗതം ചെയ്തവരാണ് മിക്കവാറും പാർട്ടികൾ എന്നതു മറക്കരുത്.
കോൺഗ്രസിന്റെ ജന്മദിന പിറ്റേന്നാണ് ഈ കുറിപ്പെഴുതുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഒരു ഘട്ടത്തിൽ കോൺഗ്രസിനെ ഹിന്ദുപാർട്ടിയാക്കാനുള്ള നീക്കം ശക്തമായിരുന്നു. ഗാന്ധിയുടെ വരവോടെയാണ് അത് ദുർബലമായത്. തുടർന്നായിരുന്നു ആർ.എസ്.എസും ഹിന്ദുമഹാസഭയുമൊക്കെ രൂപം കൊണ്ടത്. ഗാന്ദി-നെഹ്‌റു-അംബേദ്കർ ത്രയങ്ങൾക്കു മുന്നിൽ ഹിന്ദത്വപാർട്ടി വാദികൾക്ക് ഒന്നും ചെയ്യാനായിരുന്നില്ല. ഗാന്ധി രാമരാജ്യത്തെ കുറിച്ച് എപ്പോഴും പറയുമായിരുന്നു. പക്ഷെ അത് ഹിന്ദുത്വവാദികളുടെ രാമരാജ്യമല്ല എന്ന് വ്യക്തം. ഒരു സാധാരണ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുന്നതുപോലെയല്ല അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്. അതുവഴി നഷ്ടപ്പെടുന്നത് കോൺഗ്രസിന്റെ മതേതരമുഖമാണ്. മാത്രമല്ല അധികാരത്തിലെത്താനും തങ്ങളുടെ വിഭാവനയിലുള്ള മതരാഷ്ട്രം സ്ഥാപിക്കാനും ബി.ജെ.പി എന്തിനെ പ്രതീകമാക്കിയോ അതോടൊപ്പെം നിൽ്ക്കുക എന്നത് രാഷ്ട്രീയ നിലപാടിനെ വഞ്ചിക്കലുമാണ്.
സത്യത്തിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ തന്നെ മിക്കപാർട്ടികളുടേയും നിലപാടുകൾ നാം കണ്ടതാണ്. മുഖ്യമന്ത്രിമാരടക്കമുള്ള കോൺഗ്രസ് പല നേതാക്കളും അതിനെ പിന്തുണക്കുകയായിരുന്നു. അവരിൽ പുതുതലമുറയുടെ പ്രതിനിധി പ്രിയങ്കാ ഗാന്ധിയും പെട്ടിരുന്നു. വ്യത്യസ്ഥ അഭിപ്രായക്കാർ ആരെങ്കിലുമുണ്ടെങ്കിൽ തന്നെ വാ തുറന്നതുമില്ല. കോൺഗ്രസ് മാത്രമല്ല, രാജ്യത്തെ ഏതെങ്കിലും പാർട്ടി അതിനെതിരെ ശക്തമായി രംഗത്തുവന്നോ? ലോഹ്യയേയും അംബേദ്കറെയുമൊക്കെ ഉയർത്തിപിടിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടികളും ദളിത് പ്രസ്ഥാനങ്ങളുമടക്കം. അരവിന്ദ് കെജ്രിവാളെടുത്ത നിലപാടിൽ പലരും ഞെട്ടുന്നതു കണ്ടു. എന്തിനേറെ ഇടതുപക്ഷ പാർട്ടികൾക്കുപോലും ട്രസ്റ്റിനുപകരം പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രിയും ആർ.എസ്.എസുമൊക്കെ ചേർന്ന് പരിപാടി നടത്തിയതിലായിരുന്നു പ്രതിഷേധം. മുസ്‌ലിം സംഘടനകളാകട്ടെ ഭയം മൂലവും നിശബ്ദരായിരുന്നു. വാസ്തവത്തിൽ 1992 ൽ ബാബറി മസ്ജിദ് തകർക്കുമ്പോഴും ഇതൊക്കെതന്നെയായിരുന്നല്ലോ അവസ്ഥ. പ്രതിഷ്ഠാദിനത്തിലും അതു തന്നെ ആവർത്തിക്കാനാണ് സാധ്യത.
ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിലേക്കു ക്ഷണിക്കുക വഴി പ്രതിപക്ഷപാർട്ടികൾക്കുള്ളിൽ മാത്രമല്ല, ഇന്ത്യാ സഖ്യത്തിലും ഭിന്നതകൾ സൃഷ്ടിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. അത്തരത്തിലുള്ള ഭിന്നതകൾ രൂപപ്പെടുന്നു എന്നുതന്നെയാണ് ആദ്യഘട്ട പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
സത്യത്തിൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്നിനേക്കാൾ അൽപം കൂടുതൽ വോട്ടേ ബി.ജെ.പിക്കു ലഭിച്ചിട്ടുള്ളൂ, പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ ഒരുപക്ഷെ ഇത്തവണയവർക്കു തടയിടാൻ കഴിയും. എന്നാൽ ബി.ജെ.പിയുടെ ചടുലമായ തന്ത്രങ്ങൾക്കുമുന്നിൽ അതത്ര എളുപ്പമല്ല.