Sorry, you need to enable JavaScript to visit this website.

സ്വയം ബ്രാൻഡിംഗിന് ഇറങ്ങുന്ന രാഹുൽ ഗാന്ധി

ബ്രാൻഡിംഗ് നടത്തുകയെന്നത് ഒരു ബിസിനസ് തന്ത്രമാണ്. ഒരു ഉൽപന്നത്തെയോ സേവനത്തേയോ ജനങ്ങൾക്കിടയിൽ സ്വീകാര്യമാക്കി മാറ്റുന്നതിനുള്ള വൻകിട കമ്പനികളുടെ രീതിയാണ് ബ്രാൻഡിംഗ്. അത് ബിസിനസിനെ വിജയത്തിലെത്തിക്കുന്നു. ബിസിനസിൽ മാത്രമല്ല രാഷ്ട്രീയത്തിലും ബ്രാൻഡിംഗ് ആവശ്യമായി വരുന്ന കാലഘട്ടമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബ്രാൻഡ് ഐക്കണായി ഉയർത്തിക്കാട്ടാൻ ബി.ജെ.പിക്ക് കഴിഞ്ഞതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വലിയ വിജയം നേടാൻ അവരെ പ്രാപ്തരാക്കിയത്. 
വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും മോഡി തന്നെയാണ് ബി.ജെ.പിയുടെ ബ്രാൻഡ് ഐക്കൺ. മോഡിയെ ഉയർത്തിക്കാട്ടി രാജ്യമാകെ പ്രചാരണം നടത്തുന്നതിലൂടെ വീണ്ടും രാജ്യത്ത് അധികാരത്തിലേറാമെന്ന് ബി.ജെ.പിയും മറ്റ് സംഘ്പരിവാർ കക്ഷികളും വിശ്വസിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ഇപ്പുറത്ത് കൃത്യമായ ബ്രാൻഡിംഗ് നടത്താൻ കഴിയാതിരുന്നതാണ് കോൺഗ്രസും പ്രതിപക്ഷ സഖ്യമായ ' ഇന്ത്യാ' മുന്നണിയും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. രാജ്യത്ത് വലിയ രീതിയിൽ സ്വീകാര്യതയുള്ള ഒരു നേതാവിനെ ഉയർത്തിക്കാട്ടാനില്ലാതെ അവർ വിയർക്കുകയാണ്. രാഷ്ട്രീയത്തെ തീർത്തും പ്രൊഫഷണലായി സമീപിക്കുന്ന ബി.ജെ.പിയും അതില്ലാത്ത പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള വലിയ വ്യത്യാസമിതാണ്. ഒടുവിൽ ഇക്കാര്യം തിരിച്ചറിഞ്ഞു കൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് സ്വയം ബ്രാൻഡിംഗ് നടത്താൻ ഇറങ്ങിത്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 
രാഷ്ട്രീയമായി തകർന്ന് കിടക്കുന്ന കോൺഗ്രസിന് മൃതസഞ്ജീവനിയായി മാറിയ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പിനായി രാഹുൽ ഗാന്ധി ഇറങ്ങുമ്പോൾ കാര്യങ്ങൾ കൂറേ കൂടി വ്യക്തമാണ്. ബി.ജെ.പിക്ക് പിന്നാലെ രാഷ്ട്രീയ പ്രൊഫഷനലിസത്തിന്റെ തന്ത്രങ്ങൾ കോൺഗ്രസും പയറ്റുകയാണ്. ആദ്യ ഭാരത് ജോഡോ യാത്ര പാർട്ടിയെ സജീവമായി ജനങ്ങൾക്കിടയിൽ നിലനിർത്താനും പ്രവർത്തകർക്ക് ആവേശം പകരാനുമാണ് രാഹുൽ ഗാന്ധി നടത്തിയതെങ്കിൽ ഭാരത് ന്യായ് യാത്രയെന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാരത് ജോഡോ യാത്രയിലൂടെ സ്വയം ബ്രാൻഡിംഗ് നടത്താനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. 
നരേന്ദ്ര മോഡിയെ പോലെ തന്നെ രാഷ്ട്രീയത്തിൽ ഒരു ബ്രാൻഡ് ഐക്കൺ ആയി മാറാൻ തനിക്ക് കഴിയുമെന്ന് ആദ്യ യാത്രയിലൂടെ രാഹുൽ ഗാന്ധി മനസ്സിലാക്കിയിരിക്കുന്നു. 2022 സെപ്റ്റംബംർ ഏഴ് മുതൽ 2023 ജനുവരി 30 വരെ കന്യാകുമാരിയിൽ നിന്നാരംഭിച്ച് കശ്മീരിൽ അവസാനിച്ച ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയുമാണ് കടന്ന് പോയത്. ഭാരത് ജോഡോ യാത്ര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് വലിയ ഗുണം ചെയ്‌തെന്ന കാര്യത്തിൽ സംശയമില്ല. അതിലൂടെയാണ് രാഷ്ട്രീയത്തിലെ തന്റെ ബ്രാൻഡ് മൂല്യം രാഹുൽ ഗാന്ധി തിരിച്ചറിഞ്ഞത്. പാരമ്പര്യത്തിന്റെ ആനുകൂല്യത്തിൽ മാത്രം വന്ന ലക്ഷ്യബോധമില്ലാത്ത നേതാവ് എന്ന ചീത്തപ്പേര് ഒറ്റയടിക്ക് മാറ്റിയെടുക്കാൻ ആ യാത്രയിലൂടെ രാഹുലിന് കഴിഞ്ഞു. 
കലാപ ഭൂമിയായ മണിപ്പുരിലെ ഇംഫാലിൽ നിന്ന് ജനുവരി 14 ന് ആരംഭിച്ച് 14 സംസ്ഥാനങ്ങളിലൂടെ കടന്ന് 6200 കിലോമീറ്റർ പിന്നിട്ട് മുംബൈയിൽ സമാപിക്കുന്ന രീതിയിൽ തയാറാക്കിയിട്ടുള്ള ഭാരത് ന്യായ് യാത്ര അവസാനിക്കുന്നതോടെ രാഷ്ട്രീയത്തിലെ തന്റെ ബ്രാൻഡ് മൂല്യം കുത്തനെ ഉയർത്താൻ രാഹുൽ ഗാന്ധിക്ക് കഴിയും. അത് തന്നെയാണ് അദ്ദേഹം കൃത്യമായി ലക്ഷ്യമിടുന്നതും. ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാരജയപ്പെടുമ്പോൾ അതിന്റെ പാപഭാരം മുഴുവൻ ചുമക്കേണ്ടി വരുന്നത് രാഹുൽ ഗാന്ധിയാണ്. 
പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം ഒരു കൂട്ടായമയിൽ വിശ്വസിച്ച് മുന്നിൽ നിർത്താവുന്ന 'ഷുവർ ബെറ്റ്' നേതാവായല്ല അവർ രാഹുൽ ഗാന്ധിയെ ഇക്കാലമത്രയും കണ്ടിരുന്നത്. എന്നാൽ ആ പേരുദോഷം പതുക്കെയാണെങ്കിലും മാഞ്ഞു തുടങ്ങുകയാണ്. ഇക്കാര്യത്തിൽ ഭാരത് ജോഡോ യാത്ര വലിയ പങ്കാണ് വഹിച്ചതെന്ന കാര്യം രാഹുൽ തിരിച്ചറഞ്ഞിരിക്കുന്നു. രണ്ടാം പതിപ്പായ ഭാരത് ന്യായ് യാത്രക്കിറങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ ബ്രാൻഡ് ഐക്കണായി സ്വയം മാറുന്നതിനുള്ള നീക്കങ്ങളാണ് അദ്ദേഹം നടത്തുകയെന്നത് വ്യക്തം. 
ഹിന്ദി ഹൃദയ ഭൂമിയിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നു പോകുന്നത്. അവിടെ കോൺഗ്രസിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന് ഇക്കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ഫലത്തിലൂടെ പാർട്ടി തിരിച്ചറിഞ്ഞതാണ്. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറക്കാനുള്ള ശ്രമം ഹിന്ദി ഭൂമിയിൽ പെട്ടെന്ന് വിജയിക്കാനുള്ള സാധ്യതതയും വളരെ കുറവാണ്. എന്നാൽ ഭാരത് ന്യായ് യാത്രയിലൂടെ രാഷ്ട്രീയത്തിലെ തന്റെ മാർക്കറ്റ് മൂല്യം വളരെയധികം ഉയർത്തിയെടുക്കാനാകുമെന്ന് രാഹുൽ ഗാന്ധി കണക്ക് കൂട്ടുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ യാത്രയുടെ ഫലം കാര്യമായി അടുത്ത തെരഞ്ഞെടുപ്പിൽ ലഭിക്കണമെന്നില്ല. പാർട്ടിയുടെ സംഘടനാ സംവിധാനങ്ങൾ ആകെ കുത്തഴിഞ്ഞ് കിടക്കുന്ന ഹിന്ദി ഭൂമിയിൽ ഒരു യാത്രയിലൂടെ മാത്രം തിരിച്ചു വരവ് അത്ര എളുപ്പമൊന്നുമല്ല. ഭാരത് ന്യായ് യാത്രയിലൂടെ വിതയ്ക്കുന്ന വിത്ത് കൊയ്‌തെടുക്കണമെങ്കിൽ ദീർഘകാലം തന്നെ കാത്തിരിക്കേണ്ടി വന്നേയ്ക്കാം. എന്നാൽ രാഷ്ട്രീയത്തിലെ തന്റെ താരമൂല്യം ഉയർത്താൻ രാഹുലുന് പെട്ടെന്ന് കഴിയും. ആ പ്രതീക്ഷയിൽ തന്നെയാണ് രണ്ടാം യാത്രയുമായി രാഹുൽ ഗാന്ധി കളത്തിലിറങ്ങുന്നതും.
ഒരുപാട് നേതാക്കൾക്ക് പകരം ഒറ്റ നേതാവിനെ പാർട്ടിയുടെ മുഖമാക്കി മാറ്റുകയും അത് വഴി നേട്ടം കൊയ്യുകയും ചെയ്യുകയെന്ന പുതിയ രാഷ്ട്രീയ ട്രെൻഡിനെ കുറിച്ച് കോൺഗ്രസിന് വലിയ ബോധമൊന്നുമില്ലെങ്കിലും അതിന്റെ സാധ്യതകൾ രാഹുൽ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. നരേന്ദ്ര മോഡിയെന്ന ഒരു നേതാവിനെ മാത്രം മുന്നിൽ നിർത്തി ബി.ജെ.പി നേട്ടം കൊയ്യുന്നതും സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പോലും നരേന്ദ്ര മോഡി എന്ന ബ്രാൻഡ് ഐക്കണിന്റെ പേരിൽ മാത്രം പെട്ടിയിൽ ധാരാളമായി വോട്ട് വീഴുന്നതും കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും കണ്ടു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളുടെ ബ്രാൻഡ് അംബാസഡറായി മാറാൻ തനിക്ക് കഴിയുമെന്ന തിരിച്ചറിവാണ് അടുത്തകാലത്തായുള്ള ഓരോ രാഷ്ട്രീയ നീക്കങ്ങളിലും രാഹുൽ പ്രദർശിപ്പിക്കുന്നത്. പൊതു തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഭാരത് ന്യായ് യാത്ര സമാപിക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ തന്റെ ഗ്രാഫ് കുത്തനെ ഉയരുമെന്നും രാഹുൽ പ്രതീക്ഷിക്കുന്നുണ്ട്. ബി.ജെ.പിയും മറ്റ് സംഘ്പരിവാർ കക്ഷികളും കൈയ്യടക്കി വെച്ചിരിക്കുന്ന ഹിന്ദി ഹൃദയ ഭൂമിയിലൂടെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഭാരത് ന്യായ് യാത്ര നടത്തിയതുകൊണ്ട് കോൺഗ്രസിന് രാഷ്ട്രീയമായി എന്തെങ്കിലും ഗുണം ലഭിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരവും ഇത് തന്നെയാണ്.
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന ഒറ്റ കാര്യത്തിൽ മാത്രം യോജിച്ചിട്ടുള്ള പ്രതിപക്ഷ സഖ്യത്തിൽ പല രീതിയിലുള്ള ഭിന്നതകളും നേതാക്കൾ തമ്മിലുള്ള ഈഗോയുമെല്ലാം വലിയ തോതിൽ നിലനിൽക്കുന്നുണ്ട്. അതിനുള്ള പരിഹാരത്തിന് മുൻകൈ എടുക്കാനും ഭാരത് ന്യായ് യാത്രയിലൂടെ രാഹുൽ ഗാന്ധിക്ക് കഴിയും. 
ഓരോ സംസ്ഥാനത്തെയും പ്രാദേശിക പാർട്ടികളുമായി കോൺഗ്രസിനുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമായ കാര്യമാണ്. അതിന് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലടക്കം പല വിട്ടു വീഴ്ചകളും ചെയ്യേണ്ടി വന്നേക്കാം. എന്നാൽ ആത്യന്തികമായി അതിന്റെ ഗുണം ലഭിക്കുക കോൺഗ്രസിന് തന്നെയാകും. ഇതിനെല്ലാമുള്ള ഒരു വേദിയായി ഭാരത് ന്യായ് യാത്രയെ മാറ്റിയെടുക്കാനാകും.

Latest News