തിരുവനന്തപുരം - പെട്രോൾ പമ്പുകൾക്കു നേരെ വിവിധ ജില്ലകളിലായി നടക്കുന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും. ഞായറാഴ്ച രാത്രി എട്ട് മുതൽ ജനുവരി ഒന്നിന് പുലർച്ചെ ആറു വരെയാണ് പെട്രോൾ പമ്പുകൾ പൂർണമായും അടച്ചിടുകയെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.
പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ മാർച്ച് പത്ത് മുതൽ രാത്രി പത്ത് മണി വരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കുകയുള്ളുവെന്നും അസോസിയേഷൻ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാൻ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിർമാണം വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പുതുവത്സര തലേന്ന് രാത്രി മുതൽ പുതുവത്സര ദിനത്തിൽ പുലർച്ചെ വരെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും അധികൃതരുടെ കണ്ണ് തുറപ്പിക്കാനും ഇതല്ലാതെ വഴിയില്ലെന്നും വ്യാപാരികൾ പറഞ്ഞു.