- സംസ്ഥാനത്ത് കാര്യങ്ങൾ കൃത്യമായി പറയുന്നത് മറിയക്കുട്ടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
പത്തനംതിട്ട - ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനും സംഘവും ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തിൽ നടന്ന ക്രിസ്മസ് സ്‌നേഹസംഗമത്തിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരും അംഗത്വം എടുത്തതായാണ് പറയുന്നത്. ഓർത്തഡോക്‌സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലിമിസടക്കമുള്ള പുരോഹിതരുടെ പിന്തുണയും നീക്കത്തിനുണ്ടെന്നാണ് പ്രചാരണം.
നരേന്ദ്ര മോഡി മുമ്പും അധികാരത്തിൽ വന്നത് അയോധ്യ കൊണ്ട് മാത്രമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. വികസനം പറഞ്ഞാണ് എൻ.ഡി.എ വോട്ട് തേടുന്നത്. അതല്ലാതെ ചെപ്പടി വിദ്യ കാണിച്ചല്ല. രാമക്ഷേത്രം മാത്രം ചർച്ച ചെയ്യാൻ ചിലർ ശ്രമിക്കുന്നു. രാമക്ഷേത്ര നിർമാണം കഴിഞ്ഞാൽ ഉടൻ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുകയാണെന്നും ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിക്കാൻ മത്സരിക്കുന്നവർക്ക് ക്ഷേത്ര പ്രതിഷ്ഠയിൽ ഹാലിളകുകയാണെന്നും മറിയക്കുട്ടി ആണ് സംസ്ഥാനത്ത് കാര്യങ്ങൾ കൃത്യമായി പറയുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.