- പട്ടും കാവിയും വേണ്ടെന്നാണ് ഗുരു പറഞ്ഞത്. പട്ട് ആർഭാടവും കാവി ഒരു പ്രത്യക മതവുമായി ബന്ധപ്പെട്ടതുമായതാണ് അങ്ങനെ പറയാനിടയാക്കിത്. ഗുരു നിരാകരിച്ചത് ആരും തിരികെ കൊണ്ടുവരരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
വർക്കല - പല സംഘർഷങ്ങളുടെയും അടിസ്ഥാനം വംശീയതയാണെന്നും ശ്രീനാരായണ ഗുരുസന്ദേശത്തിന്റെ തെളിച്ചം ഫലസ്തീനിൽ എത്തിയിരുന്നെങ്കിൽ അവിടെ ഇങ്ങനെ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചോരപ്പുഴ ഇല്ലാതാകണമെങ്കിൽ ലോകമെങ്ങും ഗുരുവചനം എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 91-മത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീനാരായണ ഗുരുവിന്റെ ഇടപെടലാണ് കേരളത്തെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി മാറ്റിയത്. ഭക്തി ആയാലും വിഭക്തി ആയാലും അതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് വൈക്കം സത്യാഗ്രഹം ഓർമിപ്പിക്കുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് വൈക്കം സത്യാഗ്രഹത്തിന് തുടക്കമിട്ടത്. വെള്ളത്തുണിയിൽ മഞ്ഞപ്പൊടി മുക്കിയാണ് ഉപയോഗിക്കേണ്ടതെന്ന് ഗുരു പറഞ്ഞു. പട്ട് വേണ്ടെന്നും കാവി വേണ്ടെന്നും ഗുരു പറഞ്ഞു. പട്ട് ആർഭാടവും കാവി ഒരു പ്രത്യക മതവുമായി ബന്ധപ്പെട്ടതായതുമാണ് അങ്ങനെ പറയാനിടയാക്കിത്. ഗുരു നിരാകരിച്ചത് ആരെങ്കിലും തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നെങ്കിൽ അതോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫലസ്തീനിൽ ഇത്തവണ ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. ഗാസയിൽ ക്രൈസ്തവരും പള്ളികളുമെല്ലാം ഉണ്ട്. ഇസ്രായിൽ ആക്രമണം ഏതെങ്കിലും വിഭാഗത്തിന് എതിരെയല്ല. മനുഷ്യമനസ്സാക്ഷിക്കു തന്നെ എതിരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.