(ചെന്നീർക്കര) പത്തനംതിട്ട - പിടികൂടിയ പെരുമ്പാമ്പിനെ ഏറ്റെടുക്കാൻ വനപാലകർ യഥാസമയത്ത് എത്താത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞതായി പരാതി. പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര ആറാം വാർഡ് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടിലേക്കാണ് പെരുമ്പാമ്പിനെ എറിഞ്ഞത്.
പാമ്പിനെ ഏറ്റെടുക്കാൻ വനപാലകർ എത്താൻ വൈകിയതാണ് പ്രകോപനത്തിന് കാരണമെന്നും സംഭവത്തിൽ കേസെടുത്തതായും ഇലവുംതിട്ട പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് വെട്ടോലിമല കുരിശുംമൂട് ഭാഗത്തുനിന്നും നാട്ടുകാർ ചേർന്ന് പെരുമ്പാമ്പിനെ പിടിച്ചത്. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് വാർഡ് അംഗമായ ബിന്ദു ഇക്കാര്യം വനപാലകരെ അറിയിച്ചു. തുടർന്ന് പെരുമ്പാമ്പിനെ ചാക്കിലാക്കി ഇവർ വനപാലകരെ കാത്തിരുന്നു. അരമണിക്കൂറിനകം വനപാലകർ എത്തുമെന്ന് പഞ്ചായത്തംഗം പറഞ്ഞെങ്കിലും 15 മിനിറ്റിനകം പാമ്പിനെ കൊണ്ടുപോകണമെന്ന് ചെറുപ്പക്കാർ ശാഠ്യം പിടിച്ചു. വനപാലകർ എത്താൻ വീണ്ടും വൈകിയതോടെ പ്രതിഷേധത്തിന്റെ ഭാഗമായി പാമ്പിനെ ചാക്കോടുകൂടി കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് എറിയുകയായിരുന്നു. പിന്നീട് വനപാലകർ സ്ഥലത്തെത്തി വാർഡ് അംഗത്തിന്റെ വീട്ടിൽനിന്ന് പെരുമ്പാമ്പിനെ ഏറ്റെടുത്തു.
സി.പി.എം പ്രവർത്തകരാണ് തന്റെ വീട്ടിലേക്ക് പാമ്പിനെ എറിഞ്ഞതെന്നും തന്നോടുള്ള രാഷ്ട്രീയ വിരോധമാണ് ഇവർ കാണിച്ചതെന്നും ബിന്ദു കുറ്റപ്പെടുത്തി.