തിരുവനന്തപുരം - ഇന്നലെ രാജ്ഭവനിൽ നടന്ന പുതിയ രണ്ടു മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ചെലവായത് അഞ്ചു ലക്ഷം രൂപ. സത്യപ്രതിജ്ഞക്കുള്ള ചെലവിനായി അഞ്ചുലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
ഈ കത്തിൽ മുഖ്യമന്ത്രിയുടെ അനുമതിക്കു പിന്നാലെ ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രസ്തുത ഫണ്ട് സത്യപ്രതിജ്ഞയുടെ തലേദിവസം തന്നെ രാജ്ഭവന് അനുവദിക്കുകയായിരുന്നു. മരാമത്ത് വകുപ്പാണ് പന്തൽ തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ല് ഇനി പാസാകേണ്ടതുണ്ടെന്നാണ് വിവരം.
ഇന്നലെ വൈകീട്ട് കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെങ്കിലും ചടങ്ങിന്റെ തുടക്കം മുതൽ ഒടുക്കം വരേ പരസ്പരം മുഖാമുഖം നോക്കാനോ ചിരിക്കാനോ ഹസ്തദാനം നടത്താനോ തയ്യാറാകാതെ ഗവർണറും മുഖ്യമന്ത്രിയും തൊട്ടടുത്തിരുന്ന അസാധാരണ കാഴ്ചയ്ക്കാണ് രാജ്ഭവനും രാഷ്ട്രീയ കേരളവും സാക്ഷിയായത്. ആശയപരമായ വിയോജിപ്പുകൾക്കിടയിലും പക്വത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇരുവരുടെയും കുശുമ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശമാണ് ഉയർന്നത്.
രണ്ടുമന്ത്രിമാരുടെ രാജിയും പുതിയ മന്ത്രിമാരുടെ വരവും അവരുടെ പുതിയ സ്റ്റാഫുമായി ബന്ധപ്പെട്ടും സർക്കാരിനും പുത്തൻ ബാധ്യതകൾ കൂടിയാണ് അധികമായുണ്ടാവുക. സ്ഥാനമൊഴിഞ്ഞ ഇരു മന്ത്രിമാരുടെയും പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ വരാനിരിക്കുന്ന സ്റ്റാഫിനുമെല്ലാം ആജീവാനാന്ത പെൻഷൻ അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾക്ക് വഴിയൊരുക്കിയാണ് രണ്ടാം പിണറായി സർക്കാറിന്റെ മന്ത്രിസഭാ പുനസംഘടന നടന്നത്. രണ്ടുവർഷവും ഒരു ദിവസവും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പ്രവർത്തിച്ചവർക്ക് മിനിമം പെൻഷനും ഡി.എ അടക്കമുള്ള ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാവും. രാജിവെച്ച ഇരു മന്ത്രിമാരുടെയും സ്റ്റാഫിലുണ്ടായിരുന്ന ഒൻപത് ഡെപ്യൂട്ടേഷൻ ജീവനക്കാർ അടക്കം 46 പേർക്കാണ് ഇനി പകരക്കാർ ചുമതലയേൽക്കുക.