Sorry, you need to enable JavaScript to visit this website.

സത്യപ്രതിജ്ഞാ ചടങ്ങിലെ കുശുമ്പ്‌; തെറ്റ് ഗവർണറുടെ ഭാഗത്ത്, മുഖ്യമന്ത്രിക്ക് വീഴ്ചയില്ലെന്ന് മന്ത്രി വി.എൻ വാസവൻ

തിരുവനന്തപുരം - പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മുഖം തിരിച്ച് മിണ്ടാതിരുന്ന സംഭവത്തിൽ ഗവർണറെ കുറ്റപ്പെടുത്തി മന്ത്രി വി.എൻ വാസവൻ. 
 ഗവർണറുടെ ഭാഗത്താണ് വീഴ്ചയെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും മന്ത്രി വാസവൻ അവകാശപ്പെട്ടു. മുഖ്യമന്ത്രിക്കു നേരെ മുഖം തിരിച്ച് ഒന്നും സംസാരിക്കാതെ ഗവർണർ ചാടിയിറങ്ങിപ്പോവുകയായിരുന്നു. ആതിഥേയ സംസ്‌കാരത്തിന്റെ ഉന്നത നിലവാരം പുലർത്തേണ്ടത് ഗവർണറാണ്. ഈ സമീപനം ആരിഫ് മുഹമ്മദ് ഖാന് യോജിച്ചതാകാം പക്ഷേ, ഗവർണർക്ക് യോജിച്ചതല്ലെന്നും, ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സാമാന്യ മര്യാദ പാലിച്ചില്ലെന്നും മന്ത്രി വാസവൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെയും മന്ത്രി വിമർശിച്ചു. പക്വതയില്ലാത്ത നേതൃത്വത്തിന്റെ അഭാവമാണ് യു.ഡി.എഫ് നേരിടുന്നത്. പ്രതിപക്ഷം എത്രകണ്ട് ബഹിഷ്‌കരിച്ചാലും ജനങ്ങൾ ഓടിയടുക്കുമെന്നും മന്ത്രി വാസവൻ അവകാശപ്പെട്ടു.
 രണ്ടാം പിണറായി സർക്കാറിന്റെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്നലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലാണ് ഗവർണർ-സർക്കാർ പോരിന്റെ നേർക്കാഴ്ചയുണ്ടായത്. ഭരണഘടനാ തലവനും ഭരണത്തലവനും മുഖാമുഖം ഒന്ന് നോക്കാനോ ഹസ്തദാനം നടത്താനോ തയ്യാറിയിരുന്നില്ല. ആറുമിനുട്ട് നീണ്ടുനിന്ന സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ ഉടനെ ഗവർണർ മുഖ്യമന്ത്രിയെ നോക്കാതെ എണീറ്റ് പോയപ്പോൾ രാജ്ഭവൻ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മടങ്ങുകയായിരുന്നു. എ.കെ ശശീന്ദ്രനും പുതുതായി മന്ത്രിമാരായ രണ്ടു പേരും ഒഴികെ ബാക്കിയുള്ള മന്ത്രിമാരും മുഖ്യമന്ത്രിക്കു പിന്നാലെ ചായ സൽക്കാരം ബഹിഷ്‌കരിക്കുകയായിരുന്നു.
 പുനസംഘടനയുടെ ഭാഗമായി ഇരു മന്ത്രിമാരും പ്രതീക്ഷിച്ച വകുപ്പുകൾ ഇരുവർക്കും ലഭിച്ചില്ല. ഗതാഗതം ലഭിച്ച മന്ത്രി ഗണേഷ് കുമാർ സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി അത് നൽകിയില്ല. അതേപോലെ മുൻ മന്ത്രി അഹമ്മദ് ദേവർകോവിലിന് ലഭിച്ച തുറമുഖ വകുപ്പ് നൽകാതെ രജിസ്‌ട്രേഷൻ വകുപ്പാണ് കടന്നപ്പള്ളിക്ക് നൽകിയത്. കടന്നപ്പള്ളിക്കു ലഭിക്കേണ്ട തുറമുഖ വകുപ്പ് സഹകരണമന്ത്രിയായ വി.എൻ വാസവനാണ് മുഖ്യമന്ത്രി അനുവദിച്ചത്.

Latest News