എടപ്പാൾ- മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ പി.ടി മോഹന കൃഷ്ണന്റെ നാമധേയത്തിലുള്ള പുരസ്‌കാരം സമ്മാനിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിക്കുന്നതിനെതിരെ കോൺഗ്രസും, യൂത്ത് കോൺഗ്രസും നേർക്കുനേർ. മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായരുന്ന മോഹന കൃഷ്ണന്റെ പേരിലുള്ള പുരസ്‌കാരം ഗായകൻ എം.ജി ശ്രീകുമാറിന് സമ്മാനിക്കാനാണ് ഗവർണർ എത്തുന്നത്. ജനുവരി പത്തിന് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. ആർ.എസ്.എസിന്റെ ശാഖ പ്രമുഖ് ആകേണ്ട ഗവർണറെ പരിപാടിയിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നും, പുനർവിചിന്തനം നടത്തണമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡന്റ്് ഹാരിസ് മുതൂർ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല, വി.എം സുധീരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി അജയ് മോഹനന്റെ പിതാവായ പി.ടി മോഹന കൃഷ്ണന്റെ പേരിലുള്ള അവാർഡ് ആണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. അതേസമയം മൂന്നുമാസം മുമ്പ് തീരുമാനിച്ച പരിപാടിക്ക് അന്നുതന്നെ ഗവർണറെ ക്ഷണിച്ചിരുന്നതായി ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു. അതിനുശേഷം ആണ് ഗവർണർക്കെതിരെ കോൺഗ്രസ് പ്രതിഷേധം ഉണ്ടായതെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിവാദങ്ങൾ ഉയർന്നത് എന്നും ആണ് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നത്. ഏതായാലും ഗവർണറെ പങ്കെടുപ്പിക്കുന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് പൂർണ്ണമായും വിട്ടു നിന്ന് പ്രതിഷേധിക്കാനാണ് ആലോചന. പരിപാടിക്കെത്തുന്ന ഗവർണർക്കെതിരെയും പരസ്യമായ പ്രതിഷേധത്തിന് കോപ്പുകൂട്ടുന്നുണ്ട്.