കണ്ണൂർ-മത വിശ്വാസത്തെയല്ല, മതവിശ്വാസത്തിൽ രാഷ്ട്രീയം കലർത്തുന്നതിനെയാണ് എതിർക്കുന്നതെന്ന് സി.പി.എം ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. സി.പി.എം വിശ്വാസത്തിന് എതിരല്ല. എന്നാൽ, ബി.ജെ.പി മതത്തെ രാഷ്ടീയമായി ദുരുപയോഗം ചെയ്യുകയാണ്. ഇത് ഭരണഘടനാവിരുദ്ധമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കം. ബി.ജെ.പി ഭരണത്തിൽ കഴിഞ്ഞ 10 വർഷം ഇന്ത്യയിലെ ജനങ്ങൾക്ക് ദുരിതം നിറഞ്ഞതായിരുന്നു. ബി.ജെ.പിയുടെ ഭരണത്തിൻ കീഴിൽ രാജ്യത്ത് തൊഴിൽ ഇല്ലായ്മ രൂക്ഷമായി. കാർഷികോൽപ്പാദനം കുറഞ്ഞു. ജനങ്ങളുടെ കൈയ്യിൽ ആവശ്യത്തിന് പണം ഇല്ലാതായി.രാജ്യത്ത് പുതിയ നിക്ഷേപങ്ങൾ കുറഞ്ഞുവെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബി.ജെ.പി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സി.പി.എം പങ്കെടുക്കില്ല. ഇക്കാര്യത്തിൽ പാർട്ടിയുടെ വ്യക്തമായ നിലാപാട് നേരത്തെ അറിയിച്ചതാണ്. രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുമോ എന്നുള്ളത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. അതിൽ അഭിപ്രായം പറയാൻ ഇല്ല. ഇന്ത്യ മുന്നണിയിൽ വ്യത്യസ്ത പാർട്ടികളുണ്ട്. സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഓരോ കക്ഷികൾക്കും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. മുന്നണിയിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ തീരുമാനമുണ്ടാകാം. സീതാറാം യെച്ചൂരി വ്യക്തമാക്കി. കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികളെ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ്. പെഗാസസിന് പിന്നിൽ കേന്ദ്രസർക്കാരാണ്. പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ടാണ് ഈ നീക്കം. മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടക്കുന്നത്. കേന്ദ്രസർക്കാർ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണ്. യെച്ചൂരി കുറ്റപ്പെടുത്തി.