തിരുവനന്തപുരം - പുതിയ മന്ത്രിമാരായി ചുമതലയേറ്റ കേരള കോൺഗ്രസ് ബി നേതാവ് കെ.ബി ഗണേഷ്‌കുമാറിന്റെയും കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും വകുപ്പുകളിൽ തീരുമാനമായി. രണ്ടു മന്ത്രിമാർക്കും വകുപ്പുകളിൽ പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കിലും മുഖ്യമന്ത്രിയെ കേരളത്തിന് ദൈവം നൽകിയ വരദാനമെന്ന് പുകഴ്ത്തി പാർട്ടി സെക്രട്ടറിയുടെ വിമർശത്തിന് വിധേയനായ മന്ത്രി വി.എൻ വാസവന് കൂടുതലായി ഒരു വകുപ്പിന്റെ ചുമതല കൂടി നല്കി മുഖ്യമന്ത്രി പരിഗണിച്ചു.
മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് ഗതാഗത വകുപ്പ് തന്നെ നൽകിയെങ്കിലും അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും ആവശ്യപ്പെട്ട സിനിമ വകുപ്പ് മുഖ്യമന്ത്രി അനുവദിച്ചില്ല. അതേപോലെ അഹമ്മദ് ദേവർകോവിൽ നേരത്തെ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മുഖ്യമന്ത്രി നൽകിയില്ല. രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്ഥ വകുപ്പുകൾ കടന്നപ്പള്ളിക്ക് നല്കിയപ്പോൾ അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന തുറമുഖ വകുപ്പ് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന് അധികമായി നല്കുകയായിരുന്നു.
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് അഹമ്മദ് ദേവർകോവിലിനും ആന്റണി രാജുവിനും പകരക്കാരായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി ഗണേഷ്‌കുമാറും സത്യപ്രതിജ്ഞ ചെയ്തത്. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവ പ്രതിജ്ഞയെടുത്ത് ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ.ബി ഗണേഷ്‌കുമാറിന്റെ സത്യപ്രതിജ്ഞ.
സത്യാപ്രതിജ്ഞാ ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം വളരെ പ്രകടമായിരുന്നു. ഇരുവരും പരസ്പരം ചിരിക്കാനോ ഹസ്തദാനം നടത്താനോ ഒന്ന് സംസാരിക്കാൻ പോലും തയ്യാറാകാതെയാണ് ചടങ്ങ് അവസാനിപ്പിച്ചത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ഗവർണർ ആദ്യം മുഖ്യമന്ത്രിക്ക് മുഖം നൽകാതെ സ്റ്റേജ് വിട്ടപ്പോൾ ഗവർണറുടെ ചായ സൽക്കാരത്തിന് നിൽക്കാതെ മുഖ്യമന്ത്രിയും സ്ഥലം വിട്ടു. പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രനും പുതിയ രണ്ടു മന്ത്രിമാരും ഒഴികെയുള്ള എല്ലാവരും ഗവർണറുടെ ചായ സൽക്കാരം ബഹിഷ്‌കരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയും ഗവർണറും മുഖാമുഖം നോക്കാതെ, പരസ്പരം മിണ്ടാതെ, തങ്ങളുടെ കുശുമ്പുമായി കണ്ടില്ലെന്നു നടിച്ച് പിരിഞ്ഞത് രാജ്ഭവന്റെയും കേരളത്തിന്റെയും ചരിത്രത്തിൽ ആദ്യ സംഭവം കൂടിയാണ്. ആശയപരമായ അഭിപ്രായ ഭിന്നതയ്ക്കിടയിലും ഭരണത്തലവനും ഭരണഘടനാ തലവനും തമ്മിൽ പരസ്പരം മിണ്ടാൻ പോലുമാവാത്തവിധം വിദ്വേഷവും പകയും നിറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യുകയാണ്.
ആശയപോരാട്ടം വേണം. പക്ഷേ, ഇപ്പോൾ ഇരുവർക്കും യോജിക്കാത്ത, പ്രത്യേകിച്ച് ഇരുവരും ഇരിക്കുന്ന പദവിക്കു നിരക്കാത്ത, അപക്വമായ സമീപനമാണ് ഇരുവരിൽനിന്നും ഉണ്ടായതെന്നും ഇത് വളരെ തെറ്റായ സന്ദേശമാണെന്നും വ്യാപക വിമർശമാണ് ഉയരുന്നത്. ഗവർണർ-സർക്കാർ പോര് നേരത്തെയുണ്ടെങ്കിലും സർവകലാശാല സെനറ്റിലേക്ക് സംഘപരിവാർ ഭക്തരെ ഗവർണർ പ്രത്യേക താൽപര്യമെടുത്ത് നാമനിർദേശം ചെയ്തതോടുകൂടെയാണ് കൂടുതൽ രൂക്ഷമായത്.