ജ്ഞാന നിർമാണത്തിനായി ഉഴിഞ്ഞു വെച്ചതായിരുന്നു ആ ജീവിതം. കേവലം 59 വർഷം മാത്രമേ ജീവിച്ചുള്ളൂവെങ്കിലും ഒരു പുരുഷായുസ്സിലധികം സഫല ജീവിതം നയിച്ച ഒരു മഹാത്മാവിനെയാണ് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് ദർശിക്കാനാകുന്നത്. പ്രശോഭിതമായ ആ ധന്യജീവിതത്തിന്റെ പ്രവിശാലമായ സാമൂഹിക പരിപ്രേക്ഷ്യം ആരെയും അതിശയിപ്പിക്കും. ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും കുമാരനാശാനും അദ്ദേഹത്തിന്റെ സ്‌നേഹഭാജനങ്ങളും ആശയ ഖനികളുടെ പങ്കാളികളുമായിരുന്നു.
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കം ഗ്രാമത്തിൽ 1873 ഡിസംബർ 28 ന് ജനിച്ച അദ്വിതീയനായ സാമൂഹിക പരിഷ്‌കർത്താവും നവോത്ഥാന നായകനുമാണ് വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവി. അദ്ദേഹത്തിന്റെ ജന്മം കൊണ്ട് കേരളം അനുഗ്രഹിക്കപ്പെട്ടിട്ട് 150 വർഷം പൂർത്തിയാകുകയാണ്.
കൗമാരം കടന്നയുടനെത്തന്നെ സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അസ്ഥിവാരം അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. അതിനുള്ള അറിവും കൗടില്യവും ശാസ്ത്ര വിചാരവും പാണ്ഡിത്യവും ആത്മധൈര്യവും മതബോധവും സമജ്ജസമായി സമ്മേളിച്ച യൗവനത്തിലാണ് തീഷ്ണമായ നിശ്ചയദാർഢ്യത്തോടു കൂടി പൊരുതാനുറച്ച് ഇരുതല മൂർച്ചയുള്ള വജ്രായുധവുമായി അദ്ദേഹം അടർക്കളത്തിലിറങ്ങിയത്.
യൗവനത്തിൽ തന്നെ ഒരു ജ്ഞാനവൃദ്ധൻ എന്നയവസ്ഥയിലദ്ദേഹം എത്തിച്ചേർന്നിരുന്നു. വിവിധ ജ്ഞാനശാഖകളിൽ വ്യുൽപത്തി നേടിയതോടൊപ്പം മലയാളം, തമിഴ്, ഉറുദു, പേർഷ്യൻ, അറബി, സംസ്്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളും അനായാസേന കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. 1902 ൽ പിതാവ് മരിക്കുകയും അളവറ്റ സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവസരം ഒത്തുവരികയും ചെയ്തപ്പോൾ 1905 ൽ സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിക്കുകയെന്ന ആപൽക്കരമായ ദൗത്യം അദ്ദേഹം ഏറ്റെടുത്തു. അതിനായി ബ്രിട്ടൻ നിർമിത ആധുനിക അച്ചുകൂടം നാട്ടിലെത്തിച്ചു. ചിറയിൻകീഴ് സ്വദേശി സി.പി. ഗോവിന്ദപ്പിള്ളയെ പത്രാധിപരാക്കി. തൊട്ടടുത്ത വർഷം പ്രഖ്യാതനായ പത്രപ്രവർത്തക കുലപതി കെ. രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ പത്രാധിപരായി വന്നു. അഞ്ചുതെങ്ങിൽനിന്ന് വക്കത്തേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്കും അച്ചടിശാല മാറ്റപ്പെട്ടു. കേരളത്തിൽനിന്നും വിദേശ വാർത്തകൾക്കു വേണ്ടി റോയിട്ടേഴ്‌സുമായി ബന്ധം സ്ഥാപിച്ച ആദ്യ പത്രമായിരുന്നു സ്വദേശാഭിമാനി. പത്രത്തിന്റെ മലയാള പേരിന്റെ താഴെ 'ദി സ്വദേശാഭിമാനി' എന്ന് ഇംഗ്ലീഷിലും എഴുതിയിരുന്നു.
മഹാരാജാവ് ശ്രീമൂലം തിരുനാളിനോടുള്ള കൂറ് നിലനിർത്തിക്കൊണ്ട് തന്നെ തിരുവിതാംകൂർ ഭരണകൂടത്തിന്റെ അഴിമതി, കൈക്കൂലി, അനീതി, സ്വജനപക്ഷപാതമടക്കമുള്ള കൊള്ളരുതായ്മകൾക്കെതിരെ സ്വദേശാഭിമാനി തുറന്ന യുദ്ധം പ്രഖ്യാപിച്ചു. 'ഭയകൗടില്യലോഭങ്ങൾ വളർത്തുകില്ലൊരു നാടിനെ' എന്നതായിരുന്നു പത്രത്തിന്റെ ആപ്തവാക്യംതന്നെ. ഇതൊന്നും ദിവാൻ പി. രാജഗോപാലാചാരിക്ക് പിടിച്ചില്ല. 1910 സെപ്റ്റംബർ 26 ന് പത്രം നിരോധിക്കപ്പെട്ടു. പ്രസ് കണ്ടുകെട്ടുകയും പത്രാധിപർ കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. 1916 ൽ 38 ാമത്തെ വയസ്സിൽ രാമകൃഷ്ണപിള്ള മരിച്ചു. എന്നാൽ വക്കം സ്വദേശാഭിമാനി പുനഃപ്രസാധനത്തിന് എന്തുകൊണ്ടോ തുനിഞ്ഞില്ല. പിന്നീട് 1958 ൽ ഇ.എം.എസിന്റെ കാലത്താണ് പ്രസ് മൗലവിയുടെ അനന്തരാവകാശികൾക്ക് വിട്ടുകിട്ടുന്നത്. 1932 ൽ തന്റെ 59 ാം വയസ്സിൽ തന്റെ ദൗത്യങ്ങൾ പൂർത്തീകരിച്ചുകൊണ്ട് മൗലവിയും മരിച്ചു.
തന്റെ സമുദായത്തിന്റെ ദാരുണമായ അവസ്ഥയിൽ വ്യഥ പൂണ്ട് പരിഷ്‌കരണ പ്രക്രിയയിൽ ആമഗ്‌നനായി പ്രവർത്തിച്ച് ഉരുകിത്തീർന്ന അദ്ദേഹത്തെ സ്വസമുദായം കാഫിർ എന്ന് പോലും മുദ്ര കുത്തി. അന്ന് കേരള മുസ്‌ലിംകൾ വ്യവഹാര ഭാഷയായി ഉപയോഗിച്ച അറബി-മലയാളത്തിൽ 'മുസ്ലിം' എന്നൊരു മാസിക 1906 ൽ പ്രസാധനം തുടങ്ങി. സ്ത്രീകളടക്കം മത, ഭൗതിക വിദ്യാഭ്യാസം നേടണമെന്നും സമൂഹത്തിലെ സമ്പന്നർ അതിനായി മുന്നിട്ടിറങ്ങണമെന്നും മുസ്‌ലിമിലൂടെ പ്രചരിപ്പിച്ചു. ഇതിനെതിരെ പള്ളി മിമ്പറുകളിൽനിന്ന് വെള്ളിയാഴ്ച പ്രസംഗിച്ചുകൊണ്ട് മൗലവിയെയും മാസികയെയും ബഹിഷ്‌കരിക്കാൻ ആഹ്വാനമുണ്ടായി. ഇത്തരം വിവാദ പ്രസ്താവനകളേയും മസ്തിഷ്‌കപ്രക്ഷാളനങ്ങളേയും ആശയ സമ്പുഷ്ടതയുടെ ഇഴ കൊണ്ട് ബലപ്പെടുത്തി മുന്നോട്ട് പോകുകയാണ് അദ്ദേഹം ചെയ്തത്.
1918 ൽ ആരംഭിച്ച അറബി മലയാളം പ്രസിദ്ധീകരണമായ അൽ-ഇസ്‌ലാം അഞ്ച് ലക്കങ്ങളേ ഇറങ്ങിയുള്ളൂ. ഇത് വായിക്കുന്നതിനെതിരെ ഫത്വ (മതവിധി) വരെ യാഥാസ്ഥിതിക വിഭാഗത്തിൽനിന്നും ഉണ്ടായി. 1931 ലാണ് ദീപിക എന്ന പേരിൽ മറ്റൊരു പ്രസിദ്ധീകരണം വരുന്നത്.
ഇബ്‌നു തൈമിയ്യ, അഹ്മദ് സർഹിന്ദ്, ഷാ വലിയ്യുള്ളാഹ് ദഹ്‌ലവി, മുഹമ്മദ് ഇബ്‌നു അബ്ദുല്വഹാബ് മുതലായ പണ്ഡിതരുടെയും പരിഷ്‌കർത്താക്കളുടെയും പാത പിന്തുടർന്ന വക്കം മൗലവി പ്രധാനമായും അദ്ദേഹത്തിന്റെ സമകാലീനരായ ഈജിപ്ഷ്യൻ മത-രാഷ്ട്രീയ ചിന്തകരായ മുഹമ്മദ് അബ്ദുവിന്റേയും ശിഷ്യൻ റാഷിദ് റിദയുടെയും കർമപഥം ഏറ്റെടുത്തു. ഈജിപ്തിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന അൽ-മനാർ എന്ന പ്രസിദ്ധീകരണത്തിൽനിന്നാണ് മുസ്‌ലിം, അൽ-ഇസ്‌ലാം, ദീപിക എന്നീ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയത്. കേരള മുസ് ലിംകൾ ഉണർന്നത് ഈ പ്രസിദ്ധീകരണങ്ങളിലൂടെയാണ്. നിസ്സംശയം കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പകരംവെക്കാനില്ലാത്ത പരിഷ്‌കർത്താവായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി.
പ്രകടനപരതയില്ലായ്മയും അതീവ ലാളിത്യവും സൗമ്യഭാവവും നയകോവിലതയും കാരണം സമൂഹത്തിൽ അപൂർവ സൂരികളുടെ പ്രതിനിധിയാണ് ഈ മനുഷ്യനെന്ന് എതിരാളികൾക്ക് പോലും സമ്മതിക്കേണ്ടിവന്നു. ചിലർ ചാർത്തിക്കൊടുത്ത മൗലവി എന്ന കൃതകൃത്യതയിലൂടെ കൈവല്യമായ സ്ഥാനപ്പേര് പോലും അദ്ദേഹം എവിടെയും ഉപയോഗിച്ചില്ല. പുത്തൻ കൂറ്റുകാരൻ എന്ന രീതിയിൽ അറേബ്യയിലെ 'അഭിശപ്തനായ' പരിഷ്‌കർത്താവ് ഇബ്‌നു അബ്ദുൽ വഹാബിന്റെ പിന്തുടർച്ചക്കാരനാണെന്ന് ആക്ഷേപിക്കാൻ വേണ്ടി വഹ്ഹാബി എന്ന് വിളിച്ചപ്പോഴും അദ്ദേഹം പ്രകോപിതനായില്ല. സത്യത്തിൽ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പതിനഞ്ചോളം പ്രജ്ഞാദൃക്കുകളായിട്ടുള്ള സഹപ്രവർത്തകരിൽ ഏറെപ്പേരും പരമ്പരാഗത സുന്നി വിശ്വാസക്കാരായിരുന്നു. അദ്ദേഹമാകട്ടെ, സമുദായത്തിന്റെ ഐക്യവും സമൂഹത്തിന്റെ കെട്ടുറപ്പും മാത്രം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാവരോടും പൊരുത്തപ്പെട്ട് ജീവിച്ചുവെന്ന് മനസ്സിലാക്കാം.
സാമൂഹികമായ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസമാണെന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് മുസ്‌ലിംകൾക്ക് വേണ്ടി സ്‌കൂളുകൾ സ്ഥാപിക്കുകയും രാജ്യത്ത് ആദ്യമായി മദ്രസ പഠനം സ്‌കൂളിലൂടെ നടപ്പാക്കുവാൻ മഹാരാജാവിനോട് അനുമതി വാങ്ങിക്കുകയും ചെയ്തു. അതിനായി സിലബസ് ഉണ്ടാക്കുകയും അധ്യാപകർക്ക് യോഗ്യത നിശ്ചയിക്കുകയും പരീക്ഷ സംവിധാനം ഏർപ്പെടുത്തുകയും അടക്കം ഒരു സർവകലാശാലയായി അദ്ദേഹം പ്രവർത്തിച്ചു. ഈ സംവിധാനം നിലവിലില്ലായിരുന്ന മലബാർ പ്രദേശം കേരളത്തോട് ലയിച്ചപ്പോൾ വക്കം മൗലവിയുടെ മാതൃക മലബാറിലേക്കു കൂടി വ്യാപിപ്പിച്ചുകൊണ്ട് പന്തീരായിരം അറബി മുൻഷികളെ നിയമിക്കുകയും ലക്ഷക്കണക്കിന് മുസ്‌ലിം വിദ്യാർത്ഥികൾക്ക് സർക്കാർ സംവിധാനത്തിലൂടെ അറബിയും ഖുർആനും പഠിക്കുവാൻ അവസരമുണ്ടാകുകയും ചെയ്തു. മാത്രമല്ല, ആ നന്മ കാലങ്ങളായി തുടർന്ന് വരികയും ചെയ്യുന്നു.
ജ്ഞാന നിർമാണത്തിനായി ഉഴിഞ്ഞു വെച്ചതായിരുന്നു ആ ജീവിതം. കേവലം 59 വർഷം മാത്രമേ ജീവിച്ചുള്ളൂവെങ്കിലും ഒരു പുരുഷായുസ്സിലധികം സഫല ജീവിതം നയിച്ച ഒരു മഹാത്മാവിനെയാണ് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് ദർശിക്കാനാകുന്നത്. പ്രശോഭിതമായ ആ ധന്യജീവിതത്തിന്റെ പ്രവിശാലമായ സാമൂഹിക പരിപ്രേക്ഷ്യം ആരെയും അതിശയിപ്പിക്കും. ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും കുമാരനാശാനും അദ്ദേഹത്തിന്റെ സ്‌നേഹ ഭാജനങ്ങളും ആശയ ഖനികളുടെ പങ്കാളികളുമായിരുന്നു. വൈക്കം സത്യഗ്രഹത്തിന് വന്ന ഗാന്ധിജിയെയും അദ്ദേഹം നേരിൽ സന്ദർശിച്ചു. ഗാന്ധിജിയുടെ ചിന്തകളോട് സമഭാവം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ചിന്തയിലെ ചിരിക്ക് പോലും ഔഷധ മൂല്യമുണ്ടെന്ന് കാലം തെളിയിച്ചു.