കൊല്ലം- ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ ശൈലി ആപ്പ് വഴി ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍, ജില്ലയിലെ 1.60 ലക്ഷം പേരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്ഥിരീകരിച്ചു. 15 ഇന ചോദ്യാവലി കൊടുത്ത് തയ്യാറാക്കിയ സര്‍വേയില്‍ അര്‍ബുദരോഗത്തിന്റെ സാദ്ധ്യത കണ്ടെത്തിയ 72,162 പേരെ തുടര്‍ചികിത്സയ്ക്കായി റഫര്‍ ചെയ്തു. സംസ്ഥാനത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ജില്ലകളില്‍ രണ്ടാംസ്ഥാനം കൊല്ലത്തിനാണ്. തൃശൂരാണ് ഒന്നാമത്. ജില്ലയില്‍ ആകെ 72,162 പേരിലാണ് അര്‍ബുദ സാദ്ധ്യത കണ്ടെത്തിയത്. സ്തനാര്‍ബുദ പരിശോധനയ്ക്കായി റഫര്‍ ചെയ്തത് 60,153 പേരെയാണ്. 3,534 പേരുടെ വായ്ക്കുള്ളിലും അര്‍ബുദ സാദ്ധ്യത കണ്ടെത്തി. ആരോഗ്യവകുപ്പ് തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തുന്നത്. ജില്ലയിലെ 11 മണ്ഡലങ്ങളിലും സര്‍വേയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. രോഗ സാദ്ധ്യത കണ്ടെത്തിയവര്‍ക്ക് സര്‍ക്കാര്‍ ചികിത്സയ്ക്കുള്ള സഹായം ഒരുക്കി നല്‍കും. 30 വയസിനും 60 വയസിനും ഇടയിലുള്ളവരിലാണ് സര്‍വേ നടത്തിയത്. 45 വയസ് പിന്നിട്ട സ്ത്രീകളിലാണ് സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.