തിരുവനന്തപുരം -കേരളത്തിനുള്ള ദീര്‍ഘകാല വായ്പാ അപേക്ഷ കേന്ദ്രം അനുവദിച്ചില്ല. കേരളം നല്‍കിയ 2044 കോടിക്കുള്ള അപേക്ഷയാണ് ബ്രാന്റിംഗ് അടക്കം നിബന്ധനകള്‍ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത്. ഇതോടെ വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകാത്ത സ്ഥിതിയായി. കോവിഡിന് ശേഷം ഏര്‍പ്പെടുത്തിയ മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല വായ്പകള്‍ അനുവദിക്കുന്നത്.
കിഫ്ബിയും വിഴിഞ്ഞവും അടക്കം വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ ചൂണ്ടിക്കാട്ടി കേരളം 2088 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍ 1925 കോടി രൂപയുടെ പ്രത്യേക സഹായത്തിന് സംസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. പക്ഷെ കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന നാല് വികസന പദ്ധതികളില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുക നിഷേധിച്ചത്. സ്വച്ഛ് ഭാരത് മിഷന്‍, ആയുഷ്മാന്‍ ഭാരത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, പോഷന്‍ അഭിയാന്‍ മിഷന്‍ എന്നീ പദ്ധതികള്‍ക്ക് കേന്ദ്രം ബ്രാന്റിംഗ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര -സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍ കേന്ദ്ര പദ്ധതി എന്ന് എഴുതിവയ്ക്കാനാകില്ലെന്നാണ് സംസ്ഥാന നിലപാട്. ബ്രാന്റിംഗ് നിബന്ധന ഒഴിവാക്കണമെന്ന് കേരളം കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് വായ്പാ അപേക്ഷ കേന്ദ്രം നിരസിച്ചത്.