Sorry, you need to enable JavaScript to visit this website.

ചിന്നാർ വന്യജീവി സങ്കേതത്തിൽ യുറേഷ്യൻ നീർനായയെ കണ്ടെത്തി

ഇടുക്കി- യുറേഷ്യൻ നീർനായയെ കേരളത്തിൽ ആദ്യമായി ചിന്നാർ വന്യജീവി സങ്കേതത്തിൽ കണ്ടെത്തി. ലൂട്ര ലൂട്ര എന്നാണ് ഇവയുടെ ശാസ്ത്ര നാമം. പശ്ചിമ ഘട്ടത്തിൽ അത്യപൂർവമായ യുറേഷ്യൻ നീർനായയുടെ ഈ കണ്ടെത്തൽ കേരളത്തിലെ സസ്തനികളുടെ പട്ടികയിലേക്ക് ഒരതിഥിയെ കൂടി സമ്മാനിച്ചിരിക്കുകയാണ്. 
നാട്ടു നീർനായ, മല നീർനായ എന്നിവയുൾപ്പെടെ കേരളത്തിൽ കാണപ്പെടുന്ന നീർനായ ഇനങ്ങൾ ഇതോടെ മൂന്നായി. കേരള കാർഷിക സർവകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. ഉൾക്കാടുകളിലെ ചെറിയ അരുവികളെ ആശ്രയിച്ചു കഴിയുന്ന ഇവ വളരെ നാണം കുണുങ്ങികളും രാത്രി കാലങ്ങളിൽ ഇര തേടുന്നവരുമാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സസ്തനികളുടെ കണക്കെടുപ്പിലാണ് പശ്ചിമ ഘട്ടത്തിൽ യുറേഷ്യൻ നീർനായയുടെ സാന്നിധ്യം പഠന വിധേയമാക്കിയിട്ടുള്ളത്. 
ഈ പഠനങ്ങൾ പ്രകാരം അന്ന് കർണാടകയിലെ കൂർഗ്, തമിഴ്‌നാട്ടിലെ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അതിനു ശേഷം പശ്ചിമഘട്ടത്തിലെ ഒരു പഠനത്തിനും ഔദ്യോഗികമായി ഇവയുടെ സാന്നിധ്യം തെളിയിക്കാനായിട്ടില്ല. അതിനാൽ, 1940 നു ശേഷം പശ്ചിമഘട്ടത്തിലെ ഇവയുടെ സാന്നിധ്യം ചോദ്യചിഹ്നമായി മാറി. ഇതിനുത്തരം കിട്ടിയത് 70 ഓളം വർഷങ്ങൾക്കു ശേഷം 2017ൽ തമിഴ്നാട്ടിലെ വാൽപാറയിൽ വാഹനമിടിച്ചു ചത്ത ഒരു നീർനായയുടെ ജഡം കിട്ടിയപ്പോഴാണ്. ഡി.എൻ.എ പഠനത്തിൽ അത് യുറേഷ്യൻ നീർനായ ആണെന്ന് തെളിഞ്ഞു.
എന്നാൽ, നാളിതു വരെയും കേരളത്തിൽ നിന്ന് ഇവയുടെ ചിത്രങ്ങളോ ഔദ്യോഗിക രേഖകളോ ലഭിച്ചിട്ടില്ല. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഈ കണ്ടെത്തൽ യുറേഷ്യൻ നീർനായയുടെ കേരളത്തിലെ തന്നെ ആദ്യ ഔദ്യോഗിക രേഖയാണ്. മാത്രമല്ല, നീണ്ട 70 വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായാണ് പശ്ചിമഘട്ടത്തിൽ ഇവയെ ജീവനോടെ കണ്ടെത്തിയിരിക്കുന്നത്.
കേരള കാർഷിക സർവകലാശാല വനശാസ്ത്ര കോളജിലെ വന്യജീവി ശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ഒ നമീറിന്റെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർഥിയായ ശ്രീഹരി.കെ മോഹൻ, പക്ഷി നിരീക്ഷകരായ ലതീഷ് ആർ.നാഥ്, സുബിൻ കെ.എസ്, ശ്രീകുമാർ.കെ ഗോവിന്ദൻകുട്ടി എന്നിവരാണ് യുറേഷ്യൻ നീർനായയെ ചിന്നാറിൽ നിന്നും കണ്ടെത്തിയത്. ഈ കണ്ടെത്തൽ അന്താരാഷ്ട്ര ജേർണൽ ആയ ജേർണൽ ഓഫ് ത്രെറ്റൻഡ് ടാക്സയുടെ ഡിസംബർ എഡിഷനിൽ പ്രസിദ്ധീകരിച്ചു. 

Latest News