പശിമയാർന്ന വെളുത്ത തീരദേശ മണ്ണാണ് ഓണാട്ടുകരയുടെ പൊതു പ്രത്യേകത. ഓണാട്ടുകരയുടെ കിഴക്കൻ പ്രദേശത്തെ ചുവന്ന മണ്ണാണ് ഈ പ്രദേശത്തിനാകെയുള്ള വെള്ളം സംഭരിക്കുന്നത്. ഈ മലകൾ ഇല്ലാതായാൽ ഓണാട്ടുകരയുടെ കുടിവെള്ളം മുട്ടും. കാലാവസ്ഥയെ ദോഷകരമായി ബാധിക്കും. വള്ളിക്കുന്ന്, താമരക്കുളം, പാലമേൽ, പള്ളിക്കൽ തുടങ്ങിയ പഞ്ചായത്തുകളിൽനിന്ന് വലിയ തോതിൽ ചുവന്ന മണ്ണെടുത്ത് നീക്കിക്കൊണ്ടിരിക്കുന്നുവെന്നത് പ്രകൃതിയെയാകെ തകിടം മറിക്കും. ഇതിനെതിരെ ജാഗ്രത ആവശ്യമാണ്.
പ്രാദേശിക സംസ്‌കാരങ്ങളെയും ഭാഷയെയും ജീവിതത്തനിമകളെയും സംരക്ഷിക്കേണ്ട കാലമാണിത്. ഒരേ ഭാഷയിലേക്കും സംസ്‌കാരത്തിലേക്കും മനുഷ്യരെ ബോധപൂർവം അടിച്ചമർത്താനുള്ള ഏത് നീക്കവും പ്രകൃതിവിരുദ്ധമാണ്. അത്തരം നീക്കങ്ങളെ മുളയിലേ നുള്ളണം. നാനാത്വത്തിൽ ഏകത്വമെന്നതാണ് നമ്മുടെ ആപ്തവാക്യം. മതങ്ങളുടെ കാര്യത്തിലായാലും സംസ്‌കാരങ്ങളുടെയും ഭാഷയുടെയും സ്ഥാപനങ്ങളുടെയും കാര്യത്തിലായാലും ഇതു ശരിയാണ്.
ഹിന്ദി നമ്മുടെ രാഷ്ട്ര ഭാഷയാണ്. എന്നാൽ ഏറ്റവും അധികം ആളുകൾ നമ്മുടെ രാജ്യത്ത് സംസാരിക്കുന്നത് മറ്റു ഭാഷകളിലാണ്. ഹിന്ദി അടിച്ചേൽപിക്കുന്നത് ഗുണത്തേക്കാളധികം ദോഷം ചെയ്യും. ലോകത്ത് ഏറ്റവും പഴക്കമുള്ളതും ഇന്നും ജീവിക്കുന്നതുമായ ഭാഷ തമിഴാണ്. ഹിന്ദിയോടായാലും സംസ്‌കൃതത്തോടായാലും ഉറുദുവിനോടായാലും ദ്രാവിഡ ഭാഷകളോടായാലും തുല്യ ബഹുമാനം പുലർത്തുകയെന്നതാണ് പ്രധാനം. വൈവിധ്യങ്ങൾ നമ്മുടെ കരുത്താണെന്ന് തിരിച്ചറിയണം.
കേരളം പോലെ ചെറിയൊരു സംസ്ഥാനത്തു പോലും വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ജൈവ വൈവിധ്യവും നിലനിൽക്കുന്നുണ്ട്. ഒരേ മതസമൂഹത്തിൽ തന്നെ വിവിധ ധാരകൾ നിലനിൽക്കുന്നു. അതിനെയെല്ലാം തകർത്ത് ഒന്നാക്കാമെന്നത് ഗുണം ചെയ്യില്ല. ഒരേ വസ്ത്രവും ഒരേ ഭക്ഷണവും ഒരേ തരത്തിലുള്ള ജീവിതവും ആരാധനാക്രമവും ഒരേ ഭാഷയും എന്നത് പ്രകൃതി നിയമത്തിന് വിരുദ്ധമാണ്. ഈ തിരിച്ചറിവാണ് നമ്മളിൽനിന്ന് കാലഘട്ടം ആവശ്യപ്പെടുന്നത്. മലയാള ഭാഷയുടെ ഉച്ചാരണത്തിലും പ്രയോഗത്തിലും വാക്കുകളുടെ കാര്യത്തിലും വ്യത്യസ്തമായനില ഇവിടെയിപ്പോഴുമുണ്ട്. ആറു മലയാളിക്ക് നൂറ് മലയാളം എന്നു പറയുന്നതു തന്നെ ഇതുകൊണ്ടാണ്. ഒരാൾ തന്നെ അച്ഛനോട് സംസാരിക്കുന്ന ഭാഷയിലാവില്ല അമ്മയോട് സംസാരിക്കുക. മക്കളോട് മറ്റൊരു രീതിയിലാവും. നാട്ടുകാരോടും അധികാരിയോടും ജോലിക്കാരനോടും തുടങ്ങി അയാളിടപഴകുന്നയിടങ്ങളിലെല്ലാം ഈ ഭാഷയുടെ വ്യത്യാസം കാണാനാവും. ഭാഷ രൂപപ്പെടുന്നതിൽ ചുറ്റുപാടുകൾക്ക് വലിയപങ്കുണ്ട്. പ്രകൃതിക്കും തൊഴിലിനും പങ്കുണ്ട്. കേരളത്തിൽ ഇത്തരത്തിൽ അടയാളപ്പെടുന്ന ഭൂഭാഗങ്ങൾ നിരവധിയുണ്ട്. തെക്കൻ തിരുവിതാംകൂർ ഭാഷ, വള്ളുവനാടൻ ഭാഷ, ഏറനാടൻ ഭാഷ, ഓണാട്ടുകര ഭാഷ, കടലോര ഭാഷ, മലയോര ഭാഷ ഇങ്ങനെ വിവിധ തലത്തിൽ വേർതിരിച്ച് കാണാനാവും.
ഇതിൽ ഓണാട്ടുകര ഭാഷയും സംസ്‌കാരവും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മധ്യകാല കേരളത്തിലെ ഓടനാട് രാജ്യമാണ് ഓണാട്ടുകരയെന്ന് പൊതുവെ വിളിക്കപ്പെടുന്നത്. തിരുവിതാംകൂറിന്റെ ഏതാണ്ട് മധ്യഭാഗത്തുണ്ടായിരുന്ന പഴയ കായംകുളം രാജ്യത്തെ രണശൂരന്മാരുടെയും കർഷകരുടെയും ദേശമാണിത്. മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ ഏകീകരണത്തോടെ കായംകുളം രാജ്യമില്ലാതെയായി.
ഓണാട്ടുകരയുടെ കാര്യം പറയുകയാണെങ്കിൽ കന്നേറ്റി (കരുനാഗപ്പള്ളിതെക്ക്) മുതൽ നിരണം (കണ്ണശ്ശന്റെ നാട്) വരെയാണ് ഓണാട്ടുകര. ഇപ്പോഴത്തെ നില പരിശോധിച്ചാൽ ആലപ്പുഴ, കൊല്ലം ജില്ലകളിലായി മധ്യഭാഗത്തായി വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെയാണ് ഓണാട്ടുകരയെന്ന് വിളിക്കുന്നത്. മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളും കരുനാഗപ്പള്ളി,കുന്നത്തൂർ താലൂക്കുകളിലെ ചില പ്രദേശങ്ങളും ഓണാട്ടുകരയിൽ ഉൾപ്പെടും. യഥാർത്ഥത്തിൽ ഓണാട്ടുകരയെന്ന പേരിലൊരു പ്രദേശമെവിടെയുമില്ല. കായലുകളും പുഴകളും തോടുകളും കുളങ്ങളും പുഞ്ചകളുമൊക്കെ സമൃദ്ധമായുണ്ടായിരുന്ന ഇവിടെ ഓടങ്ങൾ (വള്ളം) ധാരാളമായി ഉണ്ടായിരുന്നു. ഓടങ്ങളുടെ നടാണ് ഓണാട്ടുകരയായതെന്ന് ഒരു പക്ഷം. ഓടൽ (കല്ലൻമുള) ധാരാളമായുണ്ടായിരുന്ന നാടെന്ന അർത്ഥത്തിൽ ഓടൽ -നാട്ടുകര എന്നു വിളിച്ചത് ഓണാട്ടുകരയായതാണെന്ന് മറ്റൊരു പക്ഷം.
പശിമയാർന്ന വെളുത്ത തീരദേശ മണ്ണാണ് ഓണാട്ടുകരയുടെ പൊതു പ്രത്യേകത. ഓണാട്ടുകരയുടെ കിഴക്കൻ പ്രദേശത്തെ ചുവന്ന മണ്ണാണ് ഈ പ്രദേശത്തിനാകെയുള്ള വെള്ളം സംഭരിക്കുന്നത്. ഈ മലകൾ ഇല്ലാതായാൽ ഓണാട്ടുകരയുടെ കുടിവെള്ളം മുട്ടും. കാലാവസ്ഥയെ ദോഷകരമായി ബാധിക്കും. വള്ളിക്കുന്ന്, താമരക്കുളം, പാലമേൽ, പള്ളിക്കൽ തുടങ്ങിയ പഞ്ചായത്തുകളിൽനിന്ന് വലിയ തോതിൽ ചുവന്ന മണ്ണെടുത്ത് നീക്കിക്കൊണ്ടിരിക്കുന്നുവെന്നത് പ്രകൃതിയെയാകെ തകിടം മറിക്കും. ഇതിനെതിരെ ജാഗ്രത ആവശ്യമാണ്.
ഒരുകാലത്ത് ഓണാട്ടുകര പ്രദേശം കാവും കുളവും ഏറ്റവും കൂടുതലുണ്ടായിരുന്ന നാടായിരുന്നു. വെട്ടിക്കോടും മണ്ണാറശാലയും പ്രധാന സർപ്പാരധന കാവുകളാണ്. ജൈന-ബുദ്ധമതങ്ങളുടെ ഒരുകാലത്തെ പ്രധാന കേന്ദ്രവും ഇവിടമായിരുന്നു. കേരളത്തിലെ പതിമൂന്ന് കാർഷിക കാലാവസ്ഥ മേഖലകളിലൊന്നാണിത്. ഇരുപ്പുനെല്ലും ഒരുപ്പൂ എള്ളും ഇടവിളയായി മുതിരയും പയറും കിഴങ്ങു വർഗങ്ങളുമൊക്കെ കൃഷി ചെയ്തിരുന്ന കാർഷിക സമൃദ്ധമായ പ്രദേശമായതിനാൽ ഓണമൂട്ടുകരയെന്ന് പേര് വീണെന്നും അതാണ് പിന്നീട് ഓണാട്ടുകരയായതെന്നും പറയപ്പെടുന്നുണ്ട്.
പുരയിടം (അയ്യം), തറ, കണ്ടം (നിലം), പുഞ്ച, കുളം എന്നിങ്ങനെ അഞ്ചായി വിഭജിച്ചതാണ് ഓണാട്ടുകരയുടെ ഭൂപ്രകൃതി. എന്തായാലും പ്രകൃതികനിഞ്ഞനുഗ്രഹിച്ച സമ്പൽസമൃദ്ധിയുള്ള ഓണാട്ടുകര പ്രത്യേകമായ സാംസ്‌കാരിക ഭൂമികയാണ്. കെട്ടുൽസവങ്ങളുടെ നാടാണിത്. ചെട്ടിക്കുളങ്ങരയിലെ കുതിരകെട്ട് യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടതാണ്. കായംകുളത്തെ ഇവിടുത്തെ എള്ള് വളരെ മേന്മയുള്ളതാണ്. ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മാവേലിക്കര ചീനിയും (കപ്പ) പ്രസിദ്ധമാണ്.
നാടകരംഗത്ത് കെ.പി.എ.സി ചെയ്ത സംഭാവന ഓണാട്ടുകരയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കേരളത്തിന്റെ നാടക സംസ്‌കാരത്തെയാകെ സ്വാധീനിച്ച പ്രസ്ഥാനമാണത്. കെ.പി.എ.സിയുടെ രാഷ്ട്രീയ നാടകങ്ങളുടെ സ്വാധീനം എത്ര ശക്തമായിരുന്നുവെന്നതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇവിടുത്തെ ശക്തി തന്നെ തെളിവാണ്. ജനാധിപത്യത്തിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിലേക്ക് കൊണ്ടുവരുന്നതിന് കെ.പി.എ.സി നാടകങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ഇന്നും ഈ പ്രസ്ഥാനം നാടകരംഗത്ത് വലിയ സംഭാവന ചെയ്തുവരുന്നു.
ഇന്ത്യയിലെ ഏതാണ്ട് 1600 ഓളം വരുന്ന ഭാഷകളിൽ ഏറ്റവും കൂടുതൽ അക്ഷരങ്ങളുള്ള ഭാഷ മലയാളമാണ്. തിരുവനന്തപുരത്തുകാരുടെ ഭാഷയും തൃശൂരുകാരുടെ ഭാഷയും കോഴിക്കോട്ടുകാരുടെ ഭാഷയും കേൾക്കുന്ന മാത്രയിൽ തന്നെ ആളുകൾക്ക് തിരിച്ചറിയാനാകും. വാക്കുകളിലെ അക്ഷരങ്ങൾ പോലും ദേശം മാറുന്നതനുസരിച്ച് ചിലപ്പോൾ മാറ്റി പ്രയോഗിച്ചെന്നിരിക്കും. ഒരേ വാക്കു തന്നെ പല ദേശത്തും പല അർത്ഥങ്ങളിൽ പ്രയോഗിക്കപ്പെട്ടെന്നും വരാം.
എന്നാലിത് മലയാള ഭാഷയുടെ മാത്രം പ്രത്യേകതയാണെന്ന് ആരും കരുതരുത്. ലോകത്തുള്ള എല്ലാ ഭാഷകളിലും പ്രദേശികമായ വ്യതിയാനമുണ്ട്. ഉച്ചാരണഭേദമുണ്ട്. മലയാള ഭാഷ തന്നെ പുരാതനമായ തമിഴിന്റെ ഭാഷാവ്യതിയാനമാണ്. ഇനി ജാതി തിരിച്ചും മതം തിരിച്ചും ചില്ലറ വ്യത്യാസങ്ങൾ ഭാഷാപ്രയോഗങ്ങളിൽ കാണാം. തൊഴിലും പ്രകൃതിയും സാമൂഹ്യസ്ഥിതിയുമൊക്കെ ഭാഷയെ സ്വാധീനിക്കും. ഓരോ വീടിനും സ്വന്തമായി ഭാഷയുണ്ടെന്നാണെന്റെ വിചാരം. ഭക്ഷണത്തിന്റെ രുചിയിലും ഈ വ്യത്യാസം പ്രകടമാണ്.
കായംകുളം കൊച്ചുണ്ണിയെന്ന നല്ലവനായ കള്ളന്റെ കഥ പ്രസിദ്ധമാണ്. തിരുവിതാംകൂർ രാജ്യം ദുർബലമായിരുന്ന കാലത്ത് കായംകുളം കൊച്ചുണ്ണിയേയും ഇത്തിക്കര പക്കിയേയും പോലെയുള്ളവർ നാടുവാഴികളായി ഉയർന്നു വരികയം കരം പിരിച്ച് ജനങ്ങൾക്കതിന്റെ വിഹിതം എത്തിച്ചു നൽകുകയും ചെയ്തിരുന്നതിനെയാണ് മോഷണമായി പിന്നീട് വ്യാഖ്യാനിച്ചതെന്നാണ് എന്റെയൊരു വിചാരം. ശക്തമായ കായംകുളം, രാജ്യത്തെ പല യുദ്ധങ്ങൾക്കൊടുവിലാണ് തിരുവിതാംകൂറിന് കീഴ്‌പ്പെടുത്താനായതെന്ന് ഓർക്കുക. അതുകൊണ്ടു മാത്രം കായംകുളം രാജ്യത്തിലെ വീരന്മാരുടെ തിരുശേഷിപ്പുകൾ തീർത്തും ഇല്ലാതാവില്ലല്ലോ. ലോകത്തൊരിടത്തും കള്ളന്മാർ മോഷണ വസ്തുക്കൾ നാട്ടിലെ പാവങ്ങൾക്ക് വിതരണം ചെയ്തതായി കേട്ടിട്ടില്ല. ജയിച്ചവർക്കാണ് എന്നും ചരിത്രമുള്ളത്. അതുകൊണ്ടാണ് കായംകുളം കൊച്ചുണ്ണി കള്ളനായി മാറിയതെന്നാണ് എന്റെയൊരുവിചാരം.
കുഭം-മീനം മാസങ്ങളിൽ കൊയ്ത്തുൽസവത്തിന്റെ ഭാഗമായി കുതിര, തേര്, കാളകെട്ട് ഉൽസവങ്ങൾ മിക്ക അമ്പലങ്ങളോടും ചേർന്നു നടത്താറുണ്ട്. കെട്ടുൽസവങ്ങളുടെ നാടാണിത്. ക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്താറുള്ള ഉത്സവങ്ങൾ മുസ്‌ലിം പള്ളികളിലെ ചന്ദനക്കുടം, ഉറൂസ്. ക്രിസ്ത്യൻ പള്ളികളിലെ പേരുനാളുകൾ തുടങ്ങിയ ഉൽസവങ്ങളാണ് വലിയതോതിൽ കലാകാരന്മാർക്ക് തൊഴിലുകൾ നൽകുന്നതെന്നാണ് ഞാൻ കരുതുന്നത്. കെട്ടുകാളയെ ഒരുക്കിയെടുക്കാൻ എത്രയോ ദിവസത്തെ അധ്വാനം ആവശ്യമായി വരുന്നുണ്ട്. മാസങ്ങൾ തന്നെ വേണം. കുതിരയും തേരും തുടങ്ങിയവയുടെ കാര്യവും ഇങ്ങനെ തന്നെ. പാട്ടുകാർക്കും മേളക്കാർക്കും നാടകക്കാർക്കും തുടങ്ങി എത്ര വൈവിധ്യമാർന്ന കലാകാരന്മാരെയാണ് ഉത്സവങ്ങൾ തീറ്റിപ്പോറ്റുന്നത്?