എഴുത്തുകാർ, കക്ഷിരാഷ്ട്രീയക്കാരാകേണ്ട. പക്ഷേ വിശാല ഇടതുപക്ഷമാകണം എന്ന വാദവും കേൾക്കാറുണ്ട്. ഫലത്തിൽ അതിന്റെയും ലക്ഷ്യം മറ്റൊന്നല്ല. എം. മുകുന്ദൻ പറഞ്ഞപോലെ ഇടതുപക്ഷം, വലതുപക്ഷം എന്ന അന്തരമെല്ലാം ഇല്ലാതായിരിക്കുന്നു. അരികുവൽക്കരിക്കപ്പെടുന്നവരുടെ കൂടെ നിൽക്കുന്നവരാണ് ഇടതുപക്ഷമെങ്കിൽ അത്തരത്തിലൊരു വിഭാഗവും ഇപ്പോഴില്ല എന്നു തന്നെ പറയാം.
കേരളത്തിലെ പ്രമുഖ എഴുത്തുകാരിൽ ഇടക്കിടെ ശ്രദ്ധേയവും വിവാദപരവുമായ പ്രസ്താവനകളുമായി രംഗത്തു വരുന്ന ഒരാളാണ് എം. മുകുന്ദൻ. അടുത്തയിടെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ എഴുതിക്കൊണ്ടിരിക്കുന്ന ഓർമക്കുറിപ്പുകളിൽ ലോകപ്രശസ്ത നോവലിസ്റ്റ് ജോർജ് ഓർവലുമായി നടത്തുന്ന ഒരു സാങ്കൽപിക സംഭാഷണം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ:
''ജോർജ് ഓർവെൽ മുകുന്ദനോട് പറഞ്ഞു. ''നീ പാരീസിൽ വന്നിട്ട് എന്നെ മാത്രം കണ്ടില്ല. ആ കിഴവൻ വിക്ടർ ഹ്യൂഗോവിനെ വരെ പോയിക്കണ്ടു. ഹെമിങ് വേയെയും ജെയിംസ് ജോയ്സിനെയും നീ കണ്ടു. ഞാൻ മാത്രം നിനക്കു വേണ്ടാത്തവനായി. നീ എന്നെ ബോധപൂർവം മറന്നതാണ്. നിന്റെ കമ്യൂണിസ്റ്റ് പ്രേമമാണ് അതിനു കാരണം. നീ മഹാനായ എഴുത്തുകാരനാണ്. പക്ഷേ, നിന്റെ അമിതമായ കമ്യൂണിസ്റ്റ് ഭ്രാന്ത് നിന്നെ എന്റെ അനിമൽഫാമിലെ പന്നിയെപ്പോലെ ഒരാളാക്കി മാറ്റും''.
കഴിഞ്ഞില്ല, പിന്നീട് മുകുന്ദൻ ജോർജ് ഓർവെൽ ജീവിച്ച സ്ഥലമെല്ലാം പോയി കണ്ടത്രേ. അതിനെ കുറിച്ച് അദ്ദേഹം എഴുതുന്നതിങ്ങനെ. ''ജോർജ് ഓർവെൽ, ഞാൻ പാരീസിൽ വന്ന് നിങ്ങൾ ജീവിച്ച ഇടങ്ങളെല്ലാം കണ്ടു. നിശ്ശബ്ദം ഞാൻ നിങ്ങൾക്ക് ആദരവുകൾ അർപ്പിച്ചു. ഇനി നിങ്ങൾക്ക് എന്നെക്കുറിച്ച് ഒരു പരാതിയുമില്ലല്ലോ''
''ഉണ്ട്. നീ എത്രയും വേഗം പിണറായി വിജയന്റെ സ്വാധീനത്തിൽനിന്ന് രക്ഷപ്പെടണം'' -ഓർവെൽ പറഞ്ഞു. ഈ കുറിപ്പിന്റെ പിറകെ, ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മുകുന്ദൻ മറ്റൊന്നു കൂടി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും വേർതിരിക്കാനാവുന്നില്ല, രണ്ടും ഫലത്തിൽ ഒന്നു തന്നെ എന്നായിരുന്നു അത്. ഏതാനും വർഷം മുമ്പ് ഇതേ മുകുന്ദൻ പറഞ്ഞ, സാങ്കൽപികമല്ലാത്ത മറ്റൊരു വാചകവുമായി ബന്ധപ്പെട്ടു വേണം ഇതിനെയെല്ലാം വിലയിരുത്താൻ. അതിങ്ങനെയായിരുന്നു. ''പിണറായി വിജയനിലാണ് ഇനി കേരളത്തിന്റെ ഏക പ്രതീക്ഷ''. ആ പ്രസ്താവനക്കു ശേഷം അധികം വൈകാതെ അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റാകുന്നത് കേരളം കാണുകയും ചെയ്തു.
മുകുന്ദന്റെ തന്നെ മറ്റൊരു നിരീക്ഷണവും ഓർക്കുന്നത് നന്നായിരിക്കും. അത് അടിയന്തരാവസ്ഥയേയും തന്റെ പ്രശസ്ത നോവൽ ദൽഹിയേയും കുറിച്ചായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു എങ്കിലും താനതിനെതിരെ പ്രതിഷേധിച്ചില്ല എന്നദ്ദേഹം സമ്മതിക്കുന്നു. എഴുത്തുകാർ അത്തരത്തിൽ പ്രതികരിക്കേണ്ടതില്ല എന്നും പ്രതികരിച്ചെങ്കിൽ ഒരുപക്ഷേ താൻ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതിനാലാണ് തനിക്ക് ദൽഹി എന്ന അടിയന്തരാവസ്ഥയിലെ ഭീകരതകളെ കുറിച്ചുള്ള നോവൽ എഴുതാൻ കഴിഞ്ഞതെന്ന് പറഞ്ഞ് അദ്ദേഹം തന്റെ നിസ്സംഗതയെ ന്യായീകരിക്കുന്നു. കഴിഞ്ഞില്ല, എഴുത്തുകാർ പൊതുവെ ദുർബലരാണ്. ലോലഹൃദയരായതിനാലാണ് അവർ എഴുത്തുകാരായത്. അല്ലെങ്കിൽ പട്ടാളക്കാരായേനേ എന്നു പറഞ്ഞ അദ്ദേഹം ഇല്ലാത്ത ധൈര്യമുണ്ടെന്നു നടിക്കുന്ന എഴുത്തുകാരുമുണ്ടെന്നും പറഞ്ഞു. അതാരാണാവോ?
മുകുന്ദനെയോ അദ്ദേഹത്തിന്റെ നിലപാടുകളെയോ വിമർശിക്കൻ വേണ്ടിയല്ല ഈ കുറിപ്പ്. മറിച്ച് കെ. റെയിൽ സമരകാലത്തും വിഴിഞ്ഞം സമരകാലത്തും അതുപോലെ പലപ്പോഴും സജീവമായ ഒരു വിഷയം നവകേരള സദസ്സുമായി ബന്ധപ്പെട്ടും ചർച്ചയായ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്.
എഴുത്തുകാർ ഏത് ചേരിയിൽ എന്ന ചോദ്യം ആഗോളതലത്തിലും കേരളത്തിലും മുമ്പേ ഉയർന്നിട്ടുണ്ട്. എഴുത്തുകാർക്ക് സാമൂഹ്യ പ്രതിബദ്ധത വേണമെന്ന ആശയത്തിനായിരുന്നു കൂടുതൽ പ്രചാരം. പക്ഷേ സാമൂഹ്യ പ്രതിബദ്ധത എന്നതുകൊണ്ട് ഇവിടെ വ്യാപകമായി അർത്ഥമാക്കിയിരുന്നത് കമ്യൂണിസ്റ്റ് പാർട്ടികളോടുള്ള പ്രതിബദ്ധത എന്നായിരുന്നു. ഏതു ചേരിയിൽ എന്നതുകൊണ്ട് ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് ചേരിയിലാണോ അല്ലയോ എന്നതായിരുന്നു. സമൂഹത്തോടല്ല, പാർട്ടിയോട് പ്രതിബദ്ധതയുണ്ടോ എന്നതായിരുന്നു ആത്യന്തികമായി ചർച്ച. അതു കാണിച്ച മോശം എഴുത്തുകാർ പോലും മികച്ച എഴുത്തുകാരായി വാഴ്ത്തപ്പെട്ടു. അതു പ്രകടിപ്പിക്കാതിരുന്ന മികച്ച എഴുത്തുകാർ മോശക്കാരുമായി. ഒരു വശത്ത് മുദ്രാവാക്യങ്ങൾ നന്നായി എഴുതിയവർ മഹാകവികളായി പോലും വാഴ്ത്തപ്പെട്ടപ്പോൾ മറുവശത്ത് പലരുടെയും കൃതികൾ വായിക്കരുതെന്ന് അണികൾക്ക് സർക്കുലറുകൾ പോലും പോയിരുന്നു. പിന്നീട് മാർക്സിസ്റ്റ് ആചാര്യൻ ഇ എം എസ് ഒരു പരിധിവരെ തെറ്റു സമ്മതിച്ചെങ്കിലും പ്രായോഗികമായി ഇപ്പോഴും ആ നയം തന്നെയാണ് തുടരുന്നത് എന്നു കാണാം.
ലോകമെമ്പാടുമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ വ്യത്യസ്ത നിലാപടുകൾ മുന്നോട്ടുവെച്ച എഴുത്തുകാരോടും സിനിമ പ്രവർത്തകരോടും ചിന്തകരോടുമൊക്കെ എന്താണ് ചെയ്തതെന്നു ഇവർക്കൊാന്നും അറിയാതിരിക്കാൻ വഴിയില്ലല്ലോ. മനുഷ്യ സ്വാതന്ത്ര്യത്തിന് ഇത്രയേറെ വിലക്കുകളുണ്ടായിരുന്ന കാലം ചരിത്രത്തിൽ കുറവായിരിക്കും. ഒരുപക്ഷേ മധ്യകാല യൂറോപ്പിലെ കത്തോലിക്ക സഭയോ ജർമനിയിലെ നാസിസമോ ആണ് സ്വതന്ത്ര ചിന്തയെ ഇത്രയേറെ ഭയന്നിട്ടുള്ളത്. സ്വയം തകർന്നടിയുന്നതു വരെ തോക്കിന്റെയും പട്ടാളത്തിന്റെയും ശക്തി കൊണ്ടും ടാങ്കുരുട്ടിയും തടവറകൾ നിർമിച്ചും കടുത്ത സെൻസർഷിപ്പ് നിയമങ്ങൾ അടിച്ചേൽപിച്ചും നുണ പ്രചരിപ്പിച്ചും ഹെററ്റിക്കുകളെ വേട്ടയാടിയുമാണ് എല്ലാ സോഷ്യലിസ്റ്റ് സ്റ്റേറ്റുകളും നിലനിന്നിരുന്നത്. അല്ലാതെ എം. വി. ഗോവിന്ദൻ പറയുന്ന പോലെ വൈരുധ്യാത്മക ഭൗതിക വാദത്തിന്റെ മഹത്വം കൊണ്ടൊന്നുമായിരുന്നില്ല. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നതിനാലും കേരളം അതിന്റെ ഭാഗമായിരിക്കുന്നതതിനാലും ഇവിടെയത് സാധ്യമല്ലാത്തതിനാലും എഴുത്തുകാരെ പ്രലോഭനങ്ങളിൽ വീഴ്ത്തി കൂടെ നിർത്തുന്നു എന്നു മാത്രം അക്കാദമി പ്രസിഡന്റായ ശേഷം പിന്നീട് ആ പദവി സ്വീകരിച്ചതിൽ തനിക്ക് ഖേദമുണ്ടെന്നു മുകുന്ദൻ തന്നെ ഒരിക്കൽ സമ്മതിച്ചതും ഓർക്കാവുന്നതാണ്.
എഴുത്തുകാർ, കക്ഷിരാഷ്ട്രീയക്കാരാേകണ്ട. പക്ഷേ വിശാല ഇടതുപക്ഷമാകണം എന്ന വാദവും കേൾക്കാറുണ്ട്. ഫലത്തിൽ അതിന്റെയും ലക്ഷ്യം മറ്റൊന്നല്ല. എം. മുകുന്ദൻ പറഞ്ഞ പോലെ ഇടതുപക്ഷം, വലതുപക്ഷം എന്ന അന്തരമെല്ലാം ഇല്ലാതായിരിക്കുന്നു. അരികുവൽക്കരിക്കപ്പെടുന്നവരുടെ കൂടെ നിൽക്കുന്നവരാണ് ഇടതുപക്ഷമെങ്കിൽ അത്തരത്തിലൊരു വിഭാഗവും ഇപ്പോഴില്ല എന്നു തന്നെ പറയാം.