കോഴിക്കോട് - പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുന്നമംഗലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 750 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 40 രേഖകളും 60 സാക്ഷികളും കുറ്റപത്രത്തില്‍ ഉണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി.കെ.രമേശന്‍ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയില്‍ കെ.ജി.മഞ്ജു (43) എന്നിവരാണ് പ്രതികള്‍. വളരെ അധികം സന്തോഷം തോന്നുന്നുവെന്ന് കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഹര്‍ഷിന പ്രതികരിച്ചു. ശക്തമായ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. പൂര്‍ണനീതി ആയിട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഹര്‍ഷിന വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വേണ്ടവിധം പിന്തുണ ലഭിച്ചില്ലെന്നും ഇനി ഒരാള്‍ക്കും ഇത്രയും ഗതികേട് ഉണ്ടാകരുതെന്നും ഹര്‍ഷിന പറഞ്ഞു.