തിരുവനന്തപുരം - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്നും ഇക്കാര്യം പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ചെന്നുമാണ് കെ മുരളീധരന്‍ എം പി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണെന്നുമാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറയുന്നത്. കേരളത്തിലെ പാര്‍ട്ടി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്ന കെ.മുരളീധരന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സുധാകരന്റെ മറുപടി. ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അവരാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും ശശി തരൂരും പ്രതികരിച്ചു.
സി പി എമ്മും മുസ്‌ലീം ലീഗും അടക്കമുള്ള കക്ഷികള്‍ നേരത്തെ തന്നെ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആകെ ആശയക്കുഴപ്പത്തിലാണ്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്ന് മുരളീധരന്‍ പ്രതികരിച്ചു. ഇക്കാര്യം ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യ നേതൃത്വമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ മറുപടി നല്‍കി. കെ പി സി സിയുടെ അഭിപ്രായം ചോദിച്ചാല്‍ നിലപാട് പറയുമെന്നും, നേതൃത്വം ഇതുവരെ അഭിപ്രായം ആരാഞ്ഞിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി.
സി പി എമ്മിന് മതവിശ്വാസം ഇല്ല, അതുകൊണ്ട് പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയും. കോണ്‍ഗ്രസ് വിശ്വാസികളുള്ള പാര്‍ട്ടിയാണെന്നും നിലപാടെടുക്കാന്‍ സമയം ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടക്കം പടിവാതില്‍ നില്‍ക്കേ വിഷയത്തില്‍ നിലപാടെടുക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഈ ആശയക്കുഴപ്പം തന്നെയാണ് സംസ്ഥാന ഘടകത്തിലും നിഴലിക്കുന്നത്.