കോഴിക്കോട് - യുവ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ചലച്ചിത്ര നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. കേസിന്റെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.
നടൻ കോഴിക്കോട് മീഡിയാ വണിലെ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മന:പൂർവ്വം സ്പർശിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകൾക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയാണ് കേസ്.
കോഴിക്കോട് വച്ച് ഒക്ടോബർ 27-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ നടൻ അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി ഫേസ് ബുക്കിൽ മാപ്പ് പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ആ കുട്ടിക്ക് തന്റെ ഇടപെടൽ റോങ് ടച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. മാധ്യമപ്രവർത്തകയെയും അവരുടെ ഭർത്താവിനെയും മാപ്പുപറയാനായി പലതവണ ഫോണിൽ വിളിച്ചെങ്കിലും എടുക്കാത്തതതിനാലാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് ഇട്ടതെന്നും നടൻ വ്യക്തമാക്കി. കേസിൽ സുരേഷ് ഗോപിയെ നേരത്തെ നടക്കാവ് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
വരാനിരിക്കുന്ന പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് ബി.ജെ.പിക്കു വേണ്ടി വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് നടൻ സുരേഷ് ഗോപി. കഴിഞ്ഞതവണ അവസാനഘട്ടത്തിൽ തെരഞ്ഞെടുപ്പ് മുഖത്ത് എത്തിയിട്ടും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ നടന് സാധിച്ച സ്ഥിതിക്ക് ഇത്തവണ നേരത്തെതന്നെ പ്രചാരണം തുടങ്ങി മണ്ഡലം പിടിച്ചെടുക്കണമെന്ന ദൃഢനിശ്ചയത്തിലാണ് നടനും ബി.ജെ.പി കേന്ദ്രങ്ങളും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജനുവരിയിൽ തൃശൂരിലെത്തിച്ച് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനാണ് നേതൃത്വത്തിന്റെ പദ്ധതി. അതിനിടെയാണ് മാധ്യമപ്രവർത്തകയെ അപമാനിച്ചുവെന്ന കേസ് നടനെതിരെ ഉയർന്നത്. ഇത് നടനെ പ്രതിരോധത്തിലാക്കിയെങ്കിലും പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് നടനെ പിന്തുണച്ചും ഉമ്മവെച്ചും സ്ത്രീകൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. എന്നാൽ, ഒരു യുവതിയുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ വീണ്ടും വീണ്ടും സ്പർശിച്ച നടന്റെ സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അപമാനകരവും ധിക്കാരപരവുമാണെന്നും യുവതിയെ പിന്തുണക്കുന്നവർ ഓർമിപ്പിക്കുന്നു.
കൂടുതൽ വാർത്തകൾ വായിക്കാം
ഖത്തറിൽ മലയാളിയടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി
തണുപ്പ് കാരണം അടുപ്പിനരികില്‍ ഉറങ്ങി; യുവാവ് വെന്തുമരിച്ച നിലയില്‍