തിരുവനന്തപുരം- നിയുക്ത മന്ത്രി കെ. ബി. ഗണേഷ് കുമാറിന് സിനിമ വകുപ്പുകൂടി നല്‍കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി. മുഖ്യമന്ത്രി നല്‍കുന്ന വകുപ്പിനു പുറമേ സിനിമ വകുപ്പുകൂടി നല്‍കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
വകുപ്പുകള്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയാവും തീരുമാനിക്കുക. എന്നാല്‍ ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പുമാകും ലഭിക്കുക എന്നാണ് സൂചനകള്‍.
രണ്ടാം പിണറായി സര്‍ക്കാരിന്റെ മുന്‍ ധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷം ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നല്‍കുന്നത്. ഈ മാസം 29ന് വൈകിട്ട് രാജ്ഭവനിലാകും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ച ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.