അറഫ- അനുഗ്രഹത്തിന്റെ മഴ വര്‍ഷിച്ച അറഫ മൈതാനത്ത് ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ സംഗമിച്ചു. ഒന്നായി അലിഞ്ഞു ചേര്‍ന്ന അവര്‍ കാരുണ്യാവാനായ നാഥനോട് പാപമോചനത്തിനായി മനമുരുകി പ്രാര്‍ഥിച്ചു. സ്രഷ്ടാവിനു മുന്നില് കരയാത്തവര്‍ ആരുമില്ല. എങ്ങോട്ട് നോക്കിയാലും കണ്ണീര്‍ തൂകി കേഴുന്നവര്‍. നാഥാ.. ഞങ്ങളുടെ തെറ്റുകുറ്റങ്ങല്‍ നീ പൊറുത്തു തരേണമേ...
ജീവിതത്തില്‍ മുഴുവന്‍ കാത്തുസൂക്ഷിക്കേണ്ട ജീവിത വിശുദ്ധിയാണ് ഓരോ തീര്‍ഥാടകനും അറഫയില്‍നിന്ന് നേടിയെടുക്കുന്നത്.
24 ലക്ഷത്തിലധികം തീര്‍ഥാടകര്‍ അറഫയില്‍ സംഗമിച്ചതായാണ് പ്രാഥമിക കണക്ക്. സൗദി സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം തിങ്കളാഴ്ച പുലര്‍െച്ച അഞ്ച് മണിക്ക് പുറത്തു വിട്ട കണക്ക് പ്രകാരം 23,68,873 ഹാജിമാരാണ് പുണ്യഭൂമിയില്‍ എത്തിയത്.
ഞായറാഴ്ച രാത്രി ശക്തമായ പൊടിക്കാറ്റും മഴയും ഉണ്ടായിരുന്ന അറഫയില്‍ അനിഷ്ട സംഭവങ്ങളൊന്നുമില്ല. മഴ പെയ്തതിനാല്‍ ചൂടിന്റെ കാഠിന്യത്തിന് നേരിയ കുറവുണ്ടെന്ന് ഹാജിമാര്‍ പറഞ്ഞു. അറഫ പ്രഭാഷണത്തിനും നമസ്‌കാരത്തിനും മസ്ജിദുന്നബവി ഇമാം ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് നേതൃത്വം നല്‍കി.
ഇന്ന് സൂര്യാസ്തമയം വരെ പ്രാര്‍ഥനമായി അറഫയില്‍ നില്‍ക്കുന്ന ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങും.