പാലക്കാട് - മൂന്നു വയസ്സുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ 77കാരൻ അറസ്റ്റിലായി. എരുത്തേമ്പതി വില്ലൂന്നി തരകൻകളം കന്തസ്വാമിയെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. നടുപ്പുണിയിൽ അടഞ്ഞു കിടക്കുന്ന വ്യാപാര നികുതി ചെക്ക് പോസ്റ്റിൻ്റെ വരാന്തയിൽ മാതാപിതാക്കൾക്കൊപ്പം ചൊവ്വാഴ്ച രാത്രി കിടന്നുറങ്ങുകയായിരുന്ന കുട്ടിയാണ് ഉപദ്രവത്തിനിരയായത്. കല്ലു കൊത്ത് തൊഴിലാളികളാണ് കുട്ടിയുടെ അച്ഛനമ്മമാർ. കന്തസ്വാമി കുട്ടിയെ എടുത്തു കൊണ്ടുപോയി സമീപത്തുള്ള പൊന്തക്കാട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അച്ഛനമ്മാർ ബഹളം വെച്ചു. അതിനിടയിലാണ് പൊന്തക്കാട്ടിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടത്. അവിടെ തെരച്ചിൽ നടത്തിയപ്പോൾ പരിക്കേറ്റ നിലയിൽ കുട്ടിയേയും സമീപത്ത്? കന്തസ്വാമിയേയും കണ്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയാളെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടി പോലീസിന് കൈമാറി. ജില്ലാ പോലീസ് സൂപ്രണ്ട് ആർ.ആനന്ദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പരിക്കേറ്റ കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കന്തസ്വാമി കുറേ വർഷം മുമ്പ് നാടു വിട്ടതാണ്. ഒരു മാസം മുമ്പാണ് നടുപ്പുണിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടത്. അധികമാരുമായും ബന്ധമുണ്ടായിരുന്നില്ല. തൊഴിലിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയുമായി മാതാപിതാക്കൾ നടുപ്പുണിയിലെത്തിയത്.