Sorry, you need to enable JavaScript to visit this website.

യുവതിയുടെ ആത്മഹത്യ കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍; കാരണം സംശയം

കൊച്ചി-ചോറ്റാനിക്കരയില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ചോറ്റാനിക്കര എരുവേലി ഭാഗത്ത് പാണക്കാട്ട് വീട്ടില്‍ ഷൈജു (37)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 25നാണ് സംഭവം നടന്നത്.  ഇയാളുടെ ഭാര്യ ശാരി വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലില്‍ തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു എന്നാണ് പോലീസില്‍ ലഭിച്ച പരാതി. രക്ഷിക്കുന്നതിനു വേണ്ടി ഭര്‍ത്താവ് ഷാള്‍ മുറിച്ച് ശാരിയെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെന്നും മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യയെ സംശയത്തിന്റെ പേരില്‍ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 25 ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് അവശനിലയിലായ ശാരിയെ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കി. മരണം ഉറപ്പാക്കാന്‍ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും, മൂക്കിലും ചേര്‍ത്ത് അമര്‍ത്തി. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഷാളുകള്‍ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴുക്കോലില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും, സംഭവസ്ഥലത്തെ തെളിവും, ഷൈജുവിന്റെ മൊഴിയും, സാക്ഷിമൊഴികളും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പുത്തന്‍കുരിശ് ഡി.വൈ.എസ്.പി ടി.ബി വിജയന്‍ , ഇന്‍സ്‌പെക്ടര്‍മാരായ കെ.പി ജയപ്രസാദ്, കെ ജി ഗോപകുമാര്‍, ഡി.എസ് ഇന്ദ്രരാജ്, വി.രാജേഷ് കുമാര്‍, എ.എസ്. ഐ ബിജു ജോണ്‍ സി.പി.ഒ രൂപഷ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.

 

 

Latest News