പന്തളം- കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ശബരിമലയിലെ നടവരവില്‍ 18 കോടിയുടെ കുറവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 222.98 കോടിയായിരുന്നു. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്പോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാണിക്കയായി 63.89 കോടി രൂപയാണ് ലഭിച്ചത്. അരവണ വില്‍പനയിലൂടെ 96.32 കോടി രൂപയും അപ്പം വില്‍പ്പനയിലൂടെ 12 കോടിയില്‍പ്പരവും ലഭിച്ചു. മണ്ഡലകാലം തുടങ്ങി ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണ് ദര്‍ശനം നടത്തിയത്. അന്നദാനമണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്കു സൗജന്യമായി ഭക്ഷണം നല്‍കി. പമ്പാ ഹില്‍ടോപ്പില്‍ രണ്ടായിരം ചെറുവാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തില്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.