കോഴിക്കോട് - അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിലെ ക്ഷണവുമായി ബന്ധപ്പെട്ട സമീപനത്തില്‍ കോണ്‍ഗ്രസിനെ അതി രൂക്ഷമായി വിമര്‍ശിച്ച് സമസ്തയുടെ മുഖപത്രം. ക്ഷണം സ്വീകരിക്കില്ലെന്ന് ഉടനടി പറഞ്ഞ സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആര്‍ജവം സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്ന് ' സുപ്രഭാതം ' പത്രം ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. 'പള്ളി പൊളിച്ചിടത്ത് കാലുവെയ്ക്കുമോ കോണ്‍ഗ്രസ് 'എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റാണ് ജനുവരിയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ നടക്കുന്നതെന്ന തിരിച്ചറിവ് യെച്ചൂരിയെപ്പോലുള്ളവര്‍ക്ക് ഉണ്ടായെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. ഈ ആര്‍ജവമാണ് സോണിയ ഗാന്ധിയില്‍ നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയത്തെങ്കിലും കോണ്‍ഗ്രസ് പുനര്‍ചിന്തനം നടത്തണമെന്നും അല്ലെങ്കില്‍ അടുത്ത തവണയും രാജ്യം ബി ജെ പി തന്നെ ഭരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിനെതിരെ അതി രൂക്ഷ വിമര്‍ശനങ്ങളാണ് മുഖപ്രസംഗത്തിലുള്ളത്. കോണ്‍ഗ്രസ് മധ്യപ്രദേശില്‍ കാണിച്ച മൃദുഹിന്ദുത്വ സമീപനം തിരിച്ചടിയായതില്‍ നിന്നുള്ള പാഠം ഉള്‍ക്കൊള്ളമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കുക