Sorry, you need to enable JavaScript to visit this website.

ഓഹോയ്... സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവേശമേകി കലക്ടര്‍ വാസുകി (വിഡിയോ)

 
കേരളം അഭിമുഖീകരിച്ച സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍ സഹനത്തോടെയും ക്ഷമയോടെയും പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരെ ആവേശത്തിലാക്കി തിരുവനന്തപുരം ജില്ലാ കലക്ടര്‍ വാസുകി ഐ.എ.എസിന്റെ  പ്രസംഗം. വോളണ്ടിയര്‍മാരോടായി അവര്‍ നടത്തിയ പ്രസംഗം നിറഞ്ഞ കയ്യടികളോടെയാണ് വരവേറ്റത്.
 
നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് മനസിലാകുന്നുണ്ടോ, മനസിലാക്കിയിട്ടുണ്ടോ..നിങ്ങള്‍ ചരിത്രം രചിക്കുകയാണ്. നമ്മുടെ കേരളത്തിലെ മലയാളികള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ലോകത്തിന് തന്നെ കാണിച്ചുകൊടുക്കുകയാണ്.
ഇത്രയും വോളണ്ടിയര്‍മാര്‍, ദുരിതാശ്വാസ സാധനങ്ങള്‍ കേരളത്തില്‍ നിന്നും പോകുന്നതെന്ന് പറഞ്ഞാല്‍ അതൊരു അന്താരാഷ്ട്ര വാര്‍ത്തയാണ്. സ്വാതന്ത്ര്യത്തിന് നമ്മള്‍ എങ്ങിനെ പോരാടിയോ അതുപോലെ പട്ടാളക്കാരെപോലെയാണ് നിങ്ങളെല്ലാവരും നില്‍ക്കുന്നത്. അത്ഭുതപ്പെടുന്നതാണ് നിങ്ങളുടെ പ്രവൃത്തി.
നിങ്ങളുടെ പ്രവൃത്തി മൂലം സര്‍ക്കാരിനു ലഭിച്ച ഗുണമെന്താണെന്ന് വെച്ചാല്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടിയിരുന്ന പണം ലാഭിച്ചു. എയര്‍പോര്‍ട്ടില്‍ വരുന്ന സാധനങ്ങള്‍ കയറ്റാനും ഇറക്കാനും 400 ഓളം സന്നദ്ധസേവകരാണ് ഉള്ളത്. ഇതിന് തൊഴിലാളികളെ നിയമിച്ചാല്‍ കോടാനുകോടിയായിരിക്കും ലേബര്‍ ചാര്‍ജ്. അത്രയും സേവനം നിങ്ങള്‍ സര്‍ക്കാരിന് ചെയ്തു നല്‍കുന്നുണ്ട്. ഒരുപാട് സമയം നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ ക്ഷമചോദിക്കുന്നു. എന്റെ ഉദ്യോഗസ്ഥര്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ എപ്പോഴും ഉണ്ടാകും.
ഞാന്‍ കോളേജില്‍ പഠിച്ച സമയത്ത് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ക്കൊരു ശീലമുണ്ട്. ഞങ്ങള്‍ ഓപ്പോടും. എന്നുവച്ചാല്‍ ഞാന്‍ ഒപ്പോട് എന്നുപറയുമ്പോള്‍ നിങ്ങള്‍ ഓഹോയ് എന്നു പറയണം. കലക്ടര്‍ ഉറക്കെ പറഞ്ഞു ഓപ്പോട്, വോളണ്ടിയര്‍മാര്‍ ഏറ്റുവിളിച്ചു.. ഓഹോയ്...
തങ്ങളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റുണ്ടായാല്‍ ക്ഷമിക്കണമെന്ന് പറഞ്ഞാണ് വാസുകി പ്രസംഗം അവസാനിപ്പിച്ചത്.

Latest News