കണ്ണൂർ- പ്രളയത്തിലകപ്പെട്ടവർക്ക് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അൻപത് ലക്ഷം രൂപയുടെ സ്വത്ത് ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥി. പയ്യന്നൂർ ഷേണായ് സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സ്വാഹയാണ് കേരളത്തെ ഞെട്ടിച്ചത്. സ്വാഹക്കും സഹോദരിയും ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമായ ബ്രഹ്മക്കും വേണ്ടി കൃഷിപ്പണിക്കാരനായ അച്ഛൻ കരുതിവെച്ചതാണ് ഒരേക്കർ വരുന്ന സ്ഥലം. ഈ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് സ്വാഹ വ്യക്തമാക്കി. അച്ഛൻ ഇതിന് അനുവാദം നൽകിയതായും അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന നിലയിൽ നാടിന്റെ ദയനീയ സ്ഥിതിയിൽ കൂടെച്ചേരുകയാണെന്നും സ്വാഹ സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
വിദ്യാര്‍ത്ഥി ഭൂമി കൈമാറാമെന്ന് അറിയിച്ച് കുറിപ്പ് തന്നതായി ഷേണായ് സ്കൂള്‍ അധികൃതര്‍ മലയാളം ന്യൂസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് വരികയാണെന്നും മറ്റ് നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.