Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നവകേരള സദസ്സിന്റെ ബാക്കിപത്രം

മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്കിറങ്ങി ചെല്ലുന്നു എന്നവകാശപ്പെട്ടു നടത്തിയ നവകേരള സദസ്സിന്റെ ബാക്കിപത്രം എന്താണെന്ന പരിശോധന വളരെ പ്രസക്തമാണ്. സംസ്ഥാനത്തിന്റെ എല്ലാ നിയോജക മണ്ഡലങ്ങളിലും എല്ലാ മന്ത്രിമാരുമെത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നവകാശപ്പെട്ടുള്ള, ചലിക്കുന്ന കാബിനറ്റ് എന്നു വിശേഷിപ്പിക്കപ്പെട്ട നവകേരള സദസ്സുകൾ ജനാധിപത്യത്തിന്റെ ഒരു കുതിച്ചുചാട്ടമെന്നൊക്കെയാണ് വിശേഷിപ്പിക്കപ്പെട്ടത്. ആശയപരമായി അത് ശരിയായിരിക്കാം. എന്നാൽ പ്രായോഗികമായി സംഭവിച്ചത് അതാണോ എന്നു പരിശോധിച്ചാൽ അല്ല എന്നു തന്നെ പറയേണ്ടിവരും.
സാങ്കേതിക വിദ്യ ഇത്രത്തോളം വളർന്ന കാലത്ത് ഇത്രയധികം പണം മുടക്കി എല്ലാ മന്ത്രിമാരും ഒന്നിച്ച് ഭരണ നിർവഹണം ശക്തിപ്പെടുത്താൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ടോ, സംസ്ഥാനത്തിന്റെ പൊതു ഖജനാവിലെ പണത്തിന്റെ ഭൂരിഭാഗത്തിന്റെയും ഗുണഭോക്താക്കളായ സർക്കാർ ജീവനക്കാരെക്കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കുകയല്ലേ വേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ വളരെ പ്രസക്തമാണ്. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിലും ഈ ചോദ്യം ഉയർന്നിരുന്നു. അപ്പോഴും ഒരു ചെറിയ വ്യത്യാസമുണ്ടായിരുന്നു.. അന്ന് മുഖ്യമന്ത്രി നേരിട്ട് പരാതി വാങ്ങിയിരുന്നു, മിക്കതിനും കൈയോടെ പരിഹാരം കണ്ടിരുന്നു എന്നതാണത്. അതു ചെറിയ കാര്യമല്ല. നവകേരള സദസ്സിൽ അതു പോലും ഉണ്ടായില്ല. ഒരു മന്ത്രി പോലും ഒരു പരാതി പോലും നേരിട്ട് വാങ്ങിയില്ല. സർക്കാർ ഓഫീസിൽ കൊടുക്കുന്നതിനു പകരം സദസ്സിനു സമീപമൊരുക്കിയ കൗണ്ടറുകളിൽ സർക്കാർ ജീവനക്കാർ തന്നെ പരാതികൾ വാങ്ങി. അവ പിന്നീട് അതേ സർക്കാർ ഓഫീസുകളിലേക്കു തന്നെ അയച്ചു. 
അവയിൽ മിക്കതും അവിടത്തെ ചുവപ്പുനാടയിൽ മുന്നെ കിടക്കുന്നവ തന്നെ. മന്ത്രിമാർക്ക് നൽകിയാൽ അവയവിടെ കിടക്കില്ല എന്നു ധരിച്ചാണ് ജനങ്ങൾ സദസ്സിലെത്തി അതേ പരാതികൾ നൽകിയത്. പരമാവധി ഒരു മാസത്തിനുള്ളിൽ പരിഹാരം കാണുമെന്ന അവകാശവാദമൊക്കെ വെള്ളത്തിൽ വരച്ച വര. കാസർകോട്ടുനിന്നുള്ള പരാതികളുടെ പത്തു ശതമാനം പോലും പരിഹരിച്ചിട്ടില്ല. അവസാനമായപ്പോൾ പരാതി എന്ന പദം ഉപയോഗിക്കരുതെന്ന നിർദേശം പോലും വന്നു. പകരം അപേക്ഷയെന്നോ നിവേദനമെന്നോ ഉപയോഗിക്കണമെന്ന്. കാരണം വളരെ വ്യക്തം. പതിനായിരക്കണക്കിനു പരാതികൾ ഓരോ മണ്ഡലത്തിൽ നിന്നും ലഭിക്കുന്നതിന്റെ അർത്ഥമെന്താണെന്ന് ഉത്തരവിട്ടവർക്ക് ബോധ്യമായി എന്നതു തന്നെ. അപേക്ഷ, നിവേദനമൊന്നൊക്കെ പറഞ്ഞാൽ അർത്ഥം മാറിയല്ലോ.
ഉമ്മൻ ചാണ്ടി ഒറ്റക്ക് പതിനായിരങ്ങളെ നേരിൽ കണ്ടു എങ്കിൽ ഇവിടെ ക്ഷണിക്കപ്പെട്ടവരെയൊഴികെ ഒരു മന്ത്രിയും ഒരാളെയും കണ്ടില്ല എന്നതാണ് വസ്തുത. ഒരു തരത്തിലുള്ള വിമർശനവും ഉന്നയിക്കാതെ സർക്കാരിനു കൈയടിക്കുന്നവർ മാത്രമായിരുന്നു എല്ലായിടത്തും ക്ഷണിക്കപ്പെട്ടത്. 
എന്തായിരുന്നു നവകേരള സദസ്സിന്റെ ലക്ഷ്യമെന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും വ്യക്തമായി ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. തുടക്കം കേട്ടത് പരാതികൾ സ്വീകരിക്കാനെന്ന്. പിന്നീട് കേട്ടു കേന്ദ്രത്തിനെതിരെ എന്ന്. പിന്നീട് കേട്ടതോ സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനെന്ന്. എന്തോ ആകട്ടെ, കേരളവും കേരളീയരും ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴായിരുന്നു ആഘോഷപൂർവം ഈ പരിപാടി നടന്നത് എന്നതിൽ സംശയമില്ല. ഈ കാലഘട്ടത്തിലെ തന്നെ വിവിധ വാർത്തകളിലൂടെ കടന്നു പോയാലതു ബോധ്യമാകും. സദസ്സ് തുടങ്ങിയ ആദ്യ ആഴ്ചയിൽ തന്നെ റിപ്പോർട്ട് ചെയ്ത നാല് ആത്മഹത്യകൾ തന്നെ നോക്കൂ. സർക്കാർ വാങ്ങിയ നെല്ലിന്റെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ ആത്മഹത്യ ചെയ്ത ആലപ്പുഴയിലെ പ്രസാദ് എന്ന കർഷകൻ, ലൈഫ് വീടുപണി തീർക്കാനാവാതെ കടം കയറി മരണത്തെ വരിച്ച പത്തനംതിട്ടയിലെ ഗോപി, നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് സങ്കട ഹരജിയെഴുതിവെച്ച് ജീവിതം അവസാനിപ്പിച്ച കണ്ണൂരിലെ കർഷകൻ സുബ്രഹ്മണ്യൻ, വയനാട്ടിലെ ക്ഷീര കർഷകൻ ജോയി. പിന്നെയും നിരവധി അത്തരം വാർത്തകൾ കണ്ടു. 
അവസാനം കഴിഞ്ഞ ദിവസം സാമ്പത്തിക ബാധ്യതയാൽ കൂട്ട ആത്മഹത്യ ചെയ്ത കൊല്ലത്തെ സംരംഭകൻ. കർഷകരും കെ.എസ്.ആർ.ടി.സി ജീവനക്കാരും അങ്കണവാടി ടീച്ചർമാരും സ്‌കൂളുകളിലെ പാചകത്തൊഴിലാളികളും വിവിധ ക്ഷേമപെൻഷൻ വാങ്ങുന്നവരും ചികിത്സക്കു മാർഗമില്ലാതെ മാറാരോഗങ്ങൾ പിടിപെട്ടവരും വിവിധ മേഖലകളിലെ താൽക്കാലിക ജീവനക്കാരും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും ചെറുകിട വ്യാപാരികളും കോൺട്രാക്ടർമാരും സംരംഭകരും അവരുടെ ജീവനക്കാരുമെല്ലാം വൻ പ്രതിസന്ധിയിലാണ്. 
ക്ഷേമ പെൻഷനായി കോടതി കയറിയ മറിയക്കുട്ടിയുടെ വാർത്തകളും അവരുടേത് രാഷ്ട്രീയ പ്രേരിത നടപടിയെന്നു സർക്കാർ പറഞ്ഞതും കോടതി അതിനെ രൂക്ഷമായി വിമർശിച്ചതും കണ്ടു. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമ പെൻഷനുകളെല്ലാം മാസങ്ങളുടെ കുടിശ്ശികയിലാണ്. സപ്ലൈകോയുടെ ക്രിസ്മസ് ചന്തയിൽ സബ്‌സിഡി സാധനങ്ങളില്ലാത്തതും വാർത്തയായി. ഇതിനോടൊന്നും പ്രതികരിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ നവകേരള സദസ്സി നെയും കേരളത്തിലെ ഭരണത്തെയും പ്രകീർത്തിച്ചു കൊണ്ടിരുന്നത്.
ജനാധിപത്യ സംവിധാനത്തോട് മുഖ്യമന്ത്രിയടക്കം ഭരണപക്ഷം സ്വീകരിച്ച നിഷേധാത്മക നിലപാടിന്റെ പേരിലായിരിക്കും നവകേരള സദസ്സ് ഭാവിയിൽ അറിയപ്പെടാൻ പോകുന്നത്. നവകേരള സദസ്സിൽ പങ്കെടുത്ത് തങ്ങളുടെ നിലപാടുകൾ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരമുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ അതിനു തയാറാകാതിരിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. മാത്രമല്ല, സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശവും അവർക്കുണ്ട്. 
അവകാശമെന്നല്ല പറയേണ്ടത്, അവരുടെ ഉത്തരവാദിത്തമാണത്. അതു കേൾക്കാനും അതിനോട് ഗുണാത്മക നിലപാടെടുക്കാനും സ്വാഗതാർഹമായ കാര്യങ്ങൾ ഉൾക്കൊള്ളാനുമാണ് ഭരണപക്ഷം ശ്രമിക്കേണ്ടത്. അങ്ങനെയാണ് ജനാധിപത്യം പരിപക്വമാകുന്നത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. കണ്ണൂരിൽ വെച്ച് ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി സർക്കാർ തന്നെയാണ് പ്രകോപനത്തിന് തുടക്കമിട്ടത്. 
തുടർന്ന് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചു. തുടർന്ന് സംസ്ഥാനത്തുടനീളം സംഭവിച്ചത് ഒരു ജനാധിപത്യ സംവിധാനത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു. സർക്കാർ പരിപാടിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ നിയമപരമായി നേരിടാൻ ഇവിടെ പോലീസും നീതിന്യായ സംവിധാനവും നിലവിലുണ്ട്. എന്നാൽ പാർട്ടിക്കാർ നിയമം കൈയിലെടുത്ത് അഴിഞ്ഞാടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാർട്ടിക്കും നേതാക്കൾക്കും വേണ്ടി കൊല്ലാനും ചാവാനും തല്ലാനും തയാറാകുന്ന ഒരു സമൂഹമായി നാം മാറിയിരിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതാണ് നവകേരളം എന്നർത്ഥം.
അവസാന വിശകലനത്തിൽ നമുക്കു ബോധ്യമാകുക ഇതൊരു സർക്കാർ പരിപാടിയായിരുന്നില്ല എന്നു തന്നെയാണ്. മറിച്ച്, പാർട്ടി പരിപാടി തന്നെയായിരുന്നു. വരാൻ പോകുന്ന ലോക്്‌സഭ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള പ്രചാരണ ജാഥ മാത്രമായിരുന്നു അത്. ഉദ്ഘാടന സമ്മേളനത്തിൽ തന്നെ സർക്കാരിന്റെ ഭാഗമല്ലാത്ത പാർട്ടി നേതാക്കളെ വേദിയിലിരുത്തുക വഴി സർക്കാർ അതിന്റെ നയം വ്യക്തമാക്കിയിരുന്നു. അതിന്റെ ചെലവുകളാകട്ടെ, പൊതുഖജനാവിൽ നിന്നും. എന്നാൽ അവർ ഈ പരിപാടിയിലൂടെ പ്രതീക്ഷിച്ചതു നേടാനായിട്ടുണ്ടോ? ഇല്ല എന്നു തന്നെയാണ് അവസാന വിശകലനത്തിൽ വ്യക്തമാകുന്നത്. 

Latest News