തിരുവനന്തപുരം- അന്യസംസ്ഥാന ലോബികള്‍ ചില മാധ്യമപ്രവര്‍ത്തകരെ വാടകക്കെടുത്ത് സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ക്കാനുള്ള കുപ്രചരണം നടത്തുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വിനോദസഞ്ചാര മേഖലയെ വരവേല്‍ക്കാന്‍ ഒരുങ്ങി തലസ്ഥാനത്തെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കല പാപനാശം ബീച്ചില്‍ നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂര്‍ ചാവക്കാട് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് കാലാവസ്ഥയെ തുടര്‍ന്ന് ഇളക്കി മാറ്റുന്നതിന് ഇടയില്‍ ചിത്രം പകര്‍ത്തി ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നിരിക്കുന്നു എന്ന് ഒരു പ്രമുഖ മാധ്യമത്തില്‍ ടൂറിസം മന്ത്രിയുടെ കാര്‍ട്ടൂണ്‍ വെച്ച് വാര്‍ത്ത വന്നിരുന്നു. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതില്‍ പ്രശ്നമില്ല. പക്ഷേ ഒരു സംസ്ഥാനത്തിന്റെ സാധ്യത അതോടെ അടയുകയാണെന്ന് മന്ത്രി പറഞ്ഞു.
ചാവക്കാട് ഇനി ഫ്ളോട്ടിങ് ബ്രിഡ്ജ് ഇല്ല എന്ന് തെറ്റായ വാര്‍ത്ത നല്‍കിയവര്‍ അവിടെ പോയി നോക്കണം. അവിടെ എത്ര ഭംഗിയായി ആണ് ഫ്ളോട്ടിങ് ബ്രിഡ്ജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നാളെ ഇത്തരം ലോബിയുടെ പ്രവര്‍ത്തനം വര്‍ക്കലയിലും ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു.