കൊച്ചി- സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസംമുട്ടുന്ന കെ.എസ്.ആർ.ടി.സി.ക്ക് ആശ്വസമായി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ്.കേരളത്തിൽ എവിടെയും സാധനങ്ങൾ കൈമാറാൻ വെറും 16 മണിക്കൂർ എന്ന ആപ്തവാക്യവുമായി ആരംഭിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സിന്റെ സേവനം പൊതുജനങ്ങളുടെ പൂർണ്ണമായ വിശ്വാസ്യത നേടിയതോടുകൂടി ബംബറടിച്ചിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. പുതിയ സംരംഭത്തിൽനിന്ന് ജൂൺ മാസം മുതൽ ഡിസംബർ വരെയുള്ള വരുമാനം ഒരു കോടിയിലെത്തി.
നഷ്ടക്കണക്കുകൾ മാത്രം കേൾപ്പിച്ചുവന്ന കെ.എസ്.ആർ.ടി.സി.യുടെ ഈ ലാഭസംരംഭം സൂപ്പർ ഹിറ്റായതോടെ കൊറിയർ സർവീസ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ് ഭരണ നേതൃത്വം. കെ.ബി ഗണേഷ്‌കുമാർ മന്ത്രിയായി വരുന്നതോടെ ഡിപ്പോകളിൽനിന്ന് ഡിപ്പോകളിലേക്കുള്ള കൊറിയർ സർവീസ് നേരിട്ട് വീടുകളിലേക്കെത്തുന്ന കൂടുതൽ വിപുലമായ ശൃഖലയായി വ്യാപിപ്പിക്കാനുള്ള ആലോചനകൾ നടക്കുകയാണ്.
കഴിഞ്ഞ ജൂൺ 15നാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനം ആരംഭിച്ചത്. ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകർഷിച്ചത്.സംസ്ഥാനത്തെ 48 ഡിപ്പോകളിലാണിപ്പോൾ കൊറിയർ സംവിധാനമുള്ളത്.സംസ്ഥാനത്തിനുപുറത്ത് കോയമ്പത്തൂരിലും നാഗർകോവിലിലും നിലവിൽ കളക്ഷൻ സെന്ററുകളുണ്ട്.തെങ്കാശിയിലും ബംഗളൂരുവിലും പുതിയ സെന്ററുകൾ തുടങ്ങാൻ ശ്രമം നടക്കുകയാണ്. ഇതോടെ പച്ചക്കറികൾ,തുണിത്തരങ്ങൾ, പൂക്കൾ തുടങ്ങിയവയെല്ലാം കൊറിയർ വഴി കേരളത്തിലെ വിവിധ ഡിപ്പോകളിലേക്കെത്തും.
സംസ്ഥാനത്താകെ ഡിപ്പോകളും ജീവനക്കാരും ബസ് സർവീസുമുള്ളതിനാൽ സംരംഭം തുടങ്ങാൻ കോർപ്പറേഷന് അധികചെലവുകൾ വരുന്നില്ല. 16 മണിക്കൂറിനകം സംസ്ഥാനത്തെവിടെയും സാധനമെത്തിക്കുന്നതും സ്വകാര്യ കൊറിയർ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞനിരക്കും സംരംഭത്തിന് ഗുണംചെയ്തു.ഡിപ്പോകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ ഫ്രാഞ്ചൈസി അനുവദിച്ചുവരുന്നുണ്ട്. എല്ലാ ഡിപ്പോകളിലും 24 മണിക്കൂറും പ്രവർത്തനമാരംഭിക്കുന്ന നടപടി പൂർത്തീകരിക്കുന്നതോടെ ഡോർ ഡെലിവറിയും നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ്.