കോഴിക്കോട് - ബോറാ വിഭാഗത്തിന്റെ പ്രതിനിധി മുതൽ കച്ചവടത്തിനായി ഇവിടെയെത്തി ഞമ്മളെ കോഴിക്കോടിന്റെ ഭാഗമായി മാറിയ ഗുജറാത്തി സമൂഹത്തിൽ നിന്നുള്ളവർ വരെ ഒത്തുകൂടിയപ്പോൾ , ക്രിസ്തമസ്സാഘോഷത്തിന്റെ ഒരു വേറിട്ട കോഴിക്കോടൻ കാഴ്ചയായത് മാറി. കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ പിതാവാണ്
കോഴിക്കോടിന്റെ സൗഹാർദ ചരിത്രത്തിൽ മറ്റൊരധ്യായം കുറിച്ചു കൊണ്ട് , മലാപറമ്പ് ബിഷപ്സ് ഹൗസിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർക്കായി ക്രിസ്മസ് ദിന ത്തിൽ ആഘോഷമൊരുക്കിയത്. സമുദായ സൗഹൃദ കൂട്ടായ്മയായ മലബാർ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണിയുടെ നേതൃത്വത്തിലാണ് , വിവിധ മതവിഭാഗങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമെല്ലാമുള്ളവർ പിതാവിന്റെ ക്രിസ്തുമസ്സ് ആതിഥേയത്വം സ്വീകരിക്കാൻ എത്തിയത്.
ശ്രീകണ്ടേശ്വര ക്ഷേത്രത്തിന്റെയും മലബാർ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി ( മിഷി ) യുടെയും പ്രസിഡന്റായ പി.വി. ചന്ദ്രൻ , വ്യവസായ പ്രമുഖനും മിഷിന്റെ ജനറൽ സെക്രട്ടറി പി.കെ. അഹമ്മദ് സാഹിബ്, ട്രഷറർ സി. ചാക്കുണ്ണി, കോ- ഓർഡിനേറ്റർ മുസ്തഫ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അതിഥികൾ എത്തിയത്.
ക്രിസ്തുമസ് കേക്ക് മുറിച്ച് ആഘോഷത്തിന്റെ സന്തോഷത്തിന് മധുരം കൊണ്ട് തുടക്കം കുറിച്ച് ബിഷപ്പ് ചക്കാല ക്കൽ, അതിഥികളോടായി നടത്തിയ സന്ദേശ പ്രസംഗത്തിൽ, ദൈവനിയോഗത്തിലാണ് ഇത്തരം സൗഹാർദ കൂട്ടായ്മകൾ രൂപപ്പെടുന്നതെന്നും നമ്മുടെ ഭരണഘടനയുടെ മഹത്തായ സന്ദേശമുൾക്കൊള്ളുന്നവരായി മാറുകയെന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യമെന്നും പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷത എന്നത് നമ്മുടെ രാജ്യത്തിനടിസ്ഥാനമായ കാര്യമാണ്. മതനിരാസമല്ല. മറിച്ച് എല്ലാവരും ഒരു പോലെ കഴിയുന്ന നാട് എന്നാണത്. അബൂബക്കറും നഫീസയും ജോസും മേരിയും വാസുവും വാസന്തിയുമെല്ലാമുള്ള നാടാണത്. ഇവരൊന്നുമില്ലാതെ അത് പൂർണമാകുകയുമില്ല എന്നതാണ് നാം തിരിച്ചറിയേണ്ടത്. നാട്ടിൽ അസമാധാനം നിലനില്ക്കുമ്പോൾ , അവിടെ എന്ത് ഭൗതിക വികസനമുണ്ടായിട്ടും കാര്യമില്ല. ജനങ്ങൾക്ക് സ്വസ്തമായി ജീവിക്കാനാവശ്യമായ സാഹചര്യമുണ്ടാക്കുകയെന്നതാണ് ഏതൊരു വികസനത്തിന്റെയും അടിസ്ഥാന കാര്യമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഗുജറാത്തി സമൂഹത്തിന്റെ പ്രതിനിധിയായ ആർ. ജയന്ത് കുമാർ റഫി സാബിന്റെ സൗഹാർദ സന്ദേശമടങ്ങിയ ഗാനം പാടിയപ്പോൾ ഖുർ ആനടക്കം വിവിധ മത ഗ്രന്ഥങ്ങൾ മനുഷ്യ സൗഹാർദ്ദത്തിന്റെ അനിവാര്യതയെ എടുത്തു കാണിക്കുന്നതിനെ തങ്ങളുടെ സംസാരങ്ങളിൽ പലരും ചൂണ്ടിക്കാട്ടി. രൂപതാ ബിഷപ്പ് സ്ഥാനത്ത് രജത ജൂബിലി പിന്നിടുന്നതിന്റെ ഭാഗമായുള്ള തന്റെ സമ്മാനവും ഗോഡ്സ് വേർഡ്സും ദിവ്യവചനങ്ങളുമടങ്ങിയ
2024 ഡയറിയും നല്കിയാണ് ബിഷപ്പ് അതിഥികളെ യാത്രയാക്കിയത്. രാവിലെ തുടങ്ങിയ ക്രിസ്തുമസ് സൗഹാർദ കൂട്ടായ്മ ഉച്ചയോടെയാണ് അവസാനിച്ചത്.
ഡോ. കെ. മൊയ്തു, ഡോ. ഐ.പി. അബ്ദുൾ സലാം (കേരള ഹജ്ജ് കമ്മിറ്റി മെമ്പർ), എഞ്ചിനീയർ പി.മമ്മദ് കോയ (എം.എസ്.എസ്), സുധീഷ് കേശവപുരി ( എസ്.എൻ.ഡി.പി), ലത്തീഫ് പാലക്കണ്ടി ( എം.ഇ. എസ്), പി. സുന്ദർദാസ് ( ശ്രീകണ്ടേശ്വര ക്ഷേത്ര കമ്മിറ്റി), സിറാജ് ഡി. കപ്പാസി (ബോറാ കമ്മ്യൂണിറ്റി ) ഡോ. പി.സി. അൻവർ , അഡ്വ. ആലിക്കോയ , നവാസ് പൂനൂർ,
സുബൈർ കൊളക്കാടൻ, ടി.പി. നസീർ ഹുസൈൻ, എൻ.കെ. മുഹമ്മദലി, ഏ.കെ. നിഷാദ്, എ.വി. ഫർദിസ് , ടി.പി.എം ജിഷാർ , ഹാനി മുസ്തഫ, കോയട്ടി മാളിയേക്കൽ, അൻവർ , കോഴിക്കോട് രൂപതാ വികാരി ജനറൽ ഫാ. ജെൻസൺ പുത്തൻ വീട്ടിൽ, ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ. പേൾ പേർസി, ചാൻസലർ ഫാ. സജീവ് വർഗീസ്, ബിഷപ്സ് സെക്രട്ടറി ഫാ. നിതിൻ ആന്റണി എന്നിവർ സംസാരിച്ചു.