കൊച്ചി-കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ഫേസ്ബുക്ക് വഴി ഏയ്ഞ്ജൽ പായൽ എന്ന അജ്ഞാത വ്യക്തിക്ക് കൈമാറിയ കേസിൽ നിർണായക സൈബർ സെൽ റിപ്പോർട്ട് വൈകും. ഇന്ന് റിപ്പോർട്ട് ലഭിക്കുമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി ശ്രീനിഷ് പൂക്കോടിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് നാളെ കോടതിയിൽ അപേക്ഷ നൽകാനിരിക്കുകയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. എന്നാൽ സൈബർ റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ കസ്റ്റഡി അപേക്ഷ ഉടൻ നൽകേണ്ടെന്നാണ് സൗത്ത് പോലീസിന്റെ തീരുമാനം.
അറസ്റ്റിലായ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോട് റിമാൻഡിലാണ്. ഇയാളുടെ ഫോൺ വിശദമായ പരിശോധന നടത്തിയതിന്റെ സൈബർ സെൽ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ എത്ര ചിത്രങ്ങളെടുത്തു, സാമൂഹിക മാധ്യമത്തിലൂടെ അയച്ചുനൽകിയ ചിത്രങ്ങളേതൊക്കെ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ. ശ്രീനിഷ് പൂക്കോടന്റെ മൊബൈൽഫോണിലെ ഡിലീറ്റ് ചെയ്ത ഡാറ്റയുടെ മിറർ ഇമേജ് വിവരങ്ങൾ പരിശോധനയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. മിറർ ഇമേജ് വിവരങ്ങൾ കേസിൽ നിർണായകമാകുമെന്ന് പോലീസ് കരുതുന്നു. ചിത്രങ്ങളും വിവരങ്ങളും കൈമാറിയ 'ഏയ്ഞ്ജൽ പായൽ' എന്ന ഫെയ്സ്ബുക് മെസഞ്ചർ അക്കൗണ്ടിനെക്കുറിച്ചും ഇതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും. അതിന്റെ അടിസ്ഥാനത്തിൽ മാത്രമെ പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ സാധിക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പോലീസിന് ലഭിക്കുന്ന സൈബർ സെൽ റിപ്പോർട്ട് ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഇന്റലിജൻസിനും നേവി ഇന്റലിജൻസിനും കൈമാറും. ഇത് ഏയ്ഞ്ജൽ പായൽ എന്ന എക്കൗണ്ടിനെക്കുറിച്ചുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിർണായകമാകും.
കപ്പൽശാലയിൽ ഇലക്ട്രോണിക് മെക്കാനിക്കായി കരാർജോലി ചെയ്യുകയായിരുന്ന ശ്രീനിഷ്, കഴിഞ്ഞ മാർച്ചുമുതൽ ഡിസംബർ 19 വരെ കാലയളവിലാണ് ചിത്രങ്ങൾ പകർത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്തത്. നാവികസേനയുടെ നിർമാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ, പ്രതിരോധകപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാനവിവരങ്ങൾ, വിവിഐപികളുടെ സന്ദർശനം തുടങ്ങിയവ കൈമാറിയെന്നാണ് കണ്ടെത്തൽ.