കൊച്ചി- കിഴക്കമ്പലത്ത് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അവിഹിത ബന്ധം സംശയിച്ചെന്ന് പോലീസ്. പ്രണയവിവാഹിതരായ ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടിൽ രജീഷും(31) കൊല്ലപ്പെട്ട ഭാര്യ അനുമോളും(31) തമ്മിൽ അവിഹിത ബന്ധം സംബന്ധിച്ച് വഴക്കും അടിപിടിയും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരനായ യുവാവുമായി അനുമോൾക്കുണ്ടായിരുന്ന സൗഹൃദമാണ് തർക്കത്തിന് കാരണം. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലിയുണ്ടായ കലഹത്തിനിടെ രജീഷ് ചുറ്റിക ഉപയോഗിച്ച് അനുമോളെ തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ 11ന് അനുമോളുടെ നാലു സെന്റ് കോളനിയിലെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. അനുമോളുടെ പിതാവ് രവിയും അമ്മ അംബികയും ജോലിക്ക് പോയിരിക്കുകയായിരുന്നു. മാതാപിതാക്കൾ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുറിവേറ്റ നിലയിൽ മകളെ കണ്ടെത്തിയത്. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബ വഴക്കിനെ തുടർന്ന് അനുമോൾ സ്വന്തം വീട്ടിലായിരുന്നു. പിന്നീട് രമ്യതയിലായെങ്കിലും അവിഹിതം ആരോപിച്ച് രജീഷ് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. പെയിന്റിങ് തൊഴിലാളിയാണ് രജീഷ്. തടിയിട്ടപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത രജീഷിനെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.